| Wednesday, 9th October 2024, 8:49 am

ഗസയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 175 മാധ്യമപ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയിലെ ഇസ്രഈല്‍ അധിനിവേശം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഗസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 175 മാധ്യമപ്രവര്‍ത്തകര്‍. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തിനിടയിലാണ് ഇവരെല്ലാവരും കൊല്ലപ്പെട്ടത്.

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള മാധ്യമസ്ഥാപനങ്ങള്‍ക്കായി ഫ്രീലാന്‍സായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടവരില്‍ അധികവും. അതേസമയം മാധ്യമപ്രവര്‍ത്തകരാണെന്ന് മനസിലാക്കിയതിന് ശേഷവും ഇസ്രഈല്‍ സേന ഇവരെ മനപ്പൂര്‍വ്വം ആക്രമിക്കുകയായിരുന്നു എന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ് പ്രതിനിധി ടിം ഡോണ്‍സണ്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി. ജേണലിസ്റ്റുകളുടെ മരണത്തിന്റെ തോത് ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ ഡോണ്‍സണ്‍ ഈ വിഷയത്തില്‍ അന്താരാഷ്ട്ര നീതി ന്യായ കോടതി ഇടപെടണമെന്നും അഭിപ്രായപ്പെട്ടു. ഇസ്രഈല്‍ ആക്രമണത്തില്‍ ഗസയിലെ മാധ്യമപ്രവര്‍ത്തകരുടെ പത്ത് ശതമാനം ഇതിനകം കൊലപ്പെട്ട് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗസയില്‍ ഞായറാഴ്ച നടന്ന ബോംബാക്രമണത്തില്‍ 19 വയസ്സുകാരനായ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടിരുന്നു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തില്‍ ഹസന്‍ ഹമദ് എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്.

ഇസ്രഈലിന്റെ നുഴഞ്ഞുകയറ്റത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഹമദ് കൊല്ലപ്പെടുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഹമദ് തത്സമയം റെക്കോഡ് ചെയ്യുകയും എക്സ് മുഖേന അയച്ചുതന്നിരുന്നതായും സഹപ്രവര്‍ത്തകന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് തനിക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഹമദ് തന്നോട് പറഞ്ഞിരുന്നതായും സഹപ്രവര്‍ത്തകന്‍ വ്യക്തമാക്കി. ഭീഷണി ഉയര്‍ത്തികൊണ്ടുള്ള വാട്ട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഹമദ് തന്നെ കാണിച്ചതായും ഇസ്രഈലി നമ്പറില്‍ നിന്നായിരുന്നു ആ സന്ദേശമെന്നും ഹമദിന്റെ സുഹൃത്ത് പ്രതികരിച്ചു.

ഇസ്രഈലിനെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണം. അല്ലാത്തപക്ഷം ഞങ്ങള്‍ നിങ്ങളെയും കുടുംബത്തെയും തേടി വരും എന്നായിരുന്നു ഭീഷണി സന്ദേശം. വാട്ട്‌സ്ആപ്പ് സന്ദേശത്തിന് പുറമെ ഭീഷണി ഉയര്‍ത്തികൊണ്ടുള്ള ഫോണ്‍ കോളുകളും ഹമദിന് ലഭിച്ചിരുന്നു.

ഇതിന് മുമ്പ് ഇസ്രഈല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നിന്ന് ഹമദ് രക്ഷപ്പെട്ടിരുന്നു. പിന്നാലെ ഇസ്രഈലിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതിന് ദൈവത്തിന് നന്ദി അറിയിച്ചുകൊണ്ട് ഹമദ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്ക് വെച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ് ഇസ്രഈല്‍ സര്‍ക്കാറിനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും മറുപടി ഒന്നും ലഭിച്ചിരുന്നില്ല.

Content Highlight: 175 journalists have been killed so far in the Israeli attack on Gaza

Latest Stories

We use cookies to give you the best possible experience. Learn more