ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്താണ് വിധി പുറപ്പെടുവിച്ചത്. അന്വേഷണം തുടരാമെന്നും എന്നാല്‍ നദ്ദയുടെയോ മാളവ്യയുടെയോ സാന്നിധ്യം വേണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്നും ഉത്തരവില്‍ ഹൈക്കോടതി പറഞ്ഞു.
ഏഴ് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി മെയ് എട്ടിനാണ് കര്‍ണാടക പൊലീസ് ഇരുവര്‍ക്കും സമന്‍സ് അയച്ചത്.
ബി.ജെ.പിയുടെ കര്‍ണാടക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ മെയ് നാലിന് അപ്ലോഡ് ചെയ്ത ആനിമേറ്റഡ് വീഡിയോയ്‌ക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി. മെയ് അഞ്ചിനാണ് ഇരുവര്‍ക്കുമെതിരെ കര്‍ണാടക പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയാണ് കര്‍ണാടകയില്‍ നിന്നുള്ള മുസ്‌ലിം വിരുദ്ധ വീഡിയോ തെരഞ്ഞെടുപ്പ് സമയത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നദ്ദയുടെ നിര്‍ദേശപ്രകാരമാണ് വീഡിയോ ഷെയര്‍ ചെയ്തതെന്നാണ് കോണ്‍ഗ്രസിന്റെ പരാതി.
മതപരമായ കാരണങ്ങളാല്‍ ശത്രുത വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
കര്‍ണാടകയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി വീഡിയോ നീക്കം ചെയ്യണമെന്ന് മെയ് ഏഴിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.
Content Highlight: Karnataka HC stays summons to BJP’s JP Nadda, Amit Malviya for post allegedly targeting Muslims