| Sunday, 5th September 2021, 4:54 pm

പനിച്ചുവിറച്ച് ഉത്തര്‍പ്രദേശ്; 171 കുട്ടികള്‍ ആശുപത്രിയില്‍; കിടക്കകളില്ലാത്തതിനാല്‍ തറയില്‍ കിടത്തി ചികിത്സിക്കുന്നുവെന്ന് മാതാപിതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രയാഗ്രാജ്: ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ക്കിടയില്‍ പനിയും മറ്റു രോഗങ്ങളും പടര്‍ന്നുപിടിക്കുന്നത് ഗുരുതര ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുന്നു. എന്‍സെഫലൈറ്റിസ്, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച 171 കുട്ടികളെ പ്രയാഗ്‌രാജിലെ മോത്തിലാല്‍ നെഹ്‌റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉത്തര്‍പ്രദേശിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ വെള്ളക്കെട്ടുകള്‍ താഴ്ന്നു തുടങ്ങിയ സാഹചര്യത്തില്‍ നിരവധി കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ രോഗങ്ങള്‍ പിടിപെടുന്നത്.

നിലവില്‍ കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്ന മോത്തിലാല്‍ നെഹ്‌റു ആശുപത്രിയില്‍ ചികിത്സിക്കാവശ്യമായ സൗകര്യങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആകെ 120 കിടക്കകള്‍ മാത്രമാണ് കുട്ടികളുടെ വാര്‍ഡില്‍ ഉള്ളത്. അതിനാല്‍ ഒരു കിടക്കയില്‍ രണ്ടും മൂന്നും കുട്ടികളെ ഒരുമിച്ചും തറയിലും മറ്റും കിടത്തിയാണ് ചികിത്സിക്കുന്നത്.

ആശുപത്രിയില്‍ ഓക്‌സിജന്‍ കുറവാണെന്നും അടിയന്തരമായി ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും പ്രയാഗ്‌രാജ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നാനക് ശരണ്‍ പറഞ്ഞു. മോത്തിലാല്‍ നെഹ്‌റു ആശുപത്രിയില്‍ 200 കിടക്കകള്‍ ഉടന്‍ തന്നെ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയില്‍ മതിയായ സൗകര്യങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ രോഗികളെ ശ്രദ്ധിക്കുന്നില്ലെന്നും രോഗികളുടെ ബന്ധുക്കളും മാധ്യമങ്ങളോട് പറഞ്ഞു.

ആശുപത്രിയില്‍ നിന്നും മരുന്ന് മാറി നല്‍കിയതിനാലാണ് തന്റെ കുട്ടിയുടെ രോഗം കൂടിയതെന്ന് ഒരു കുട്ടിയുടെ അച്ഛന്‍ എ.എന്‍.ഐ ന്യൂസിനോട് പറഞ്ഞു.

ഉത്തര്‍പ്രദേശിലെഫിറോസാബാദിലും സ്ഥിതി വ്യത്യസ്തമല്ല. പനി ബാധിച്ച് ഇന്നലെയും ഒരു രോഗി മരിച്ചിരുന്നു. ഇതോടെ ഫിറോസാബാദില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളിലായി 51 പേര്‍ മരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഞായറാഴ്ച അറിയിച്ചിരുന്നു.

ഭൂരിഭാഗം കുട്ടികള്‍ വൈറല്‍ പനി ബാധിച്ചവരാണെന്നും ചിലര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായും ഫിറോസാബാദ് മെഡിക്കല്‍ കോളേജിലെ ചൈല്‍ഡ് സ്പെഷ്യലിസ്റ്റ് ഡോ. എല്‍.കെ. ഗുപ്ത പറഞ്ഞു.

ഉയര്‍ന്ന പനിയും കുറഞ്ഞ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണവും രോഗലക്ഷണങ്ങളായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളില്‍ രോഗം കൂടുതലായി കണ്ടെത്തിയതോടെ 1 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ ആറ് വരെ അടച്ചിടാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര വിജയ് സിംഗ് ഉത്തരവിട്ടിരുന്നു.

മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരെ ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 18 നാണ് പനിയുടെ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതെന്ന് പ്രദേശത്തെ എം.എല്‍.എയായ മനീഷ് അസിജ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: 171 children admitted to hospital due to chronic diseases in Prayagraj

We use cookies to give you the best possible experience. Learn more