| Wednesday, 15th April 2020, 9:34 pm

രാജ്യത്തെ 170 ജില്ലകള്‍ കൊവിഡ് ഹോട്ട് സ്‌പോട്ട്, 207 എണ്ണം സാധ്യതാ സ്‌പോട്ടുകളുമെന്ന് കേന്ദ്രം; സംസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ 700 ജില്ലകളില്‍ 170 എണ്ണം കൊവിഡ് ഹോട്ട് സ്‌പോട്ടാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 207 എണ്ണം സാധ്യതാ ഹോട്ട് സപോട്ടുകളാണ്. ഈ സ്ഥലങ്ങളില്‍ രോഗമുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

ഹോട്ട് സപോട്ടുകളില്‍ പ്രത്യേക ടീമുകള്‍ പ്രവര്‍ത്തിക്കും. വീടുകള്‍തോറും കയറി സര്‍വ്വെ നടത്തുകയും ഇന്‍ഫ്‌ളുവന്‍സ സംബന്ധമായ അസുഖങ്ങള്‍ക്ക് പരിശോധന നടത്തുകയും ചെയ്യുമെന്നും കേന്ദ്രം വ്യക്തമാക്കി.

ഹോട്ട സ്‌പോട്ടായി തീരുമാനിച്ച സ്ഥലങ്ങളിലെ രോഗികള്‍ പൂര്‍ണമായും സുഖപ്പെട്ട് കഴിഞ്ഞുള്ള 28 ദിവസം വരെ എല്ലാ നിയന്ത്രണങ്ങളും തുടരും. രോഗം പടര്‍ന്നിട്ടുണ്ടോ എന്നന്വേഷിക്കും. ഗ്രാമപ്രദേശങ്ങളില്‍ ഹോട്ട്സ്പോട്ടുകള്‍ക്ക് 3 കിലോമീറ്റര്‍ ദൂരമുണ്ടാകും. ബഫര്‍ സോണുകള്‍ക്ക് (ഓറഞ്ച് സോണുകള്‍) ഇത് 7 കിലോമീറ്റര്‍ ആയിരിക്കും.

അണുബാധയുടെ പ്രഭവകേന്ദ്രം കണ്ടെത്തേണ്ടത് സംസ്ഥാന-ജില്ലാ ഭരണകൂടങ്ങളാകണമെന്നും മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാവുക സംസ്ഥാനത്തിനും ജില്ലകള്‍ക്കുമാണ്. കേന്ദ്രത്തിന് ഇവ തീരുമാനിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി ലാവ് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more