ജാതി തിരിച്ചറിയാന്‍ കയ്യില്‍ പ്രത്യേകം ചരട് കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; തമിഴ്‌നാട്ടില്‍ തലക്കടിയേറ്റ് 17കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
national news
ജാതി തിരിച്ചറിയാന്‍ കയ്യില്‍ പ്രത്യേകം ചരട് കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; തമിഴ്‌നാട്ടില്‍ തലക്കടിയേറ്റ് 17കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd May 2022, 1:33 pm

ചെന്നൈ: തമിഴ്‌നാട് തിരുനെല്‍വേലിയില്‍ സഹപാഠികളുടെ മര്‍ദ്ദനമേറ്റ് 17കാരന്‍ മരിച്ചു. സഹപാഠികള്‍ കല്ലുകൊണ്ട് തലക്കടിച്ചതിനെത്തുടര്‍ന്നുണ്ടായ പരിക്കുകളാണ് മരണത്തിന് കാരണമായത്.

അംബസമുദ്രത്തിന് സമീപമുള്ള പല്ലക്കാല്‍ പൊതുക്കുടി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലായിരുന്നു സംഭവം.

ജാതിയുടെ പേരില്‍ ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വഴക്കിനിടെ തലക്കടിയേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥി സെല്‍വസൂര്യനാണ് കൊല്ലപ്പെട്ടത്.

പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളയാളാണ് കൊല്ലപ്പെട്ട സെല്‍വസൂര്യന്‍.

സംഭവത്തില്‍ മൂന്ന് സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

ജുവനൈല്‍ നിയമപ്രകാരം ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഈ മൂന്ന് പേരിലൊരാള്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ളയാളാണ്.

ഏപ്രില്‍ 25നായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് രണ്ട് അധ്യാപകരെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ജാതി തിരിച്ചറിയുന്നതിനായി കയ്യില്‍ ബാന്‍ഡ് ധരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കവും വാക്കേറ്റവുമാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിലേക്ക് നയിച്ചത്.

പ്ലസ് വണ്ണില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായിരുന്നു ഇത്തരത്തില്‍ ബാന്‍ഡ് ധരിച്ചത്. ഇത് സെല്‍വസൂര്യന്‍ ചോദ്യം ചെയ്‌തെന്നും ഇതിന് പിന്നാലെ പ്ലസ് വണ്ണില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ രണ്ട് സുഹൃത്തുക്കള്‍ കൂടിയെത്തി സെല്‍വസൂര്യനെ ആക്രമിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.

പ്ലസ് വണ്ണിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ കല്ലുകൊണ്ട് സെല്‍വസൂര്യന്റെ തലക്കടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ തിരുനെല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ഏപ്രില്‍ 30ന് മരിക്കുകയായിരുന്നു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രത്യേകം ജാതി വിഭാഗങ്ങളെ തിരിച്ചറിയുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ ചരട് ധരിച്ച് എത്തുന്നത് ഒഴിവാക്കണമെന്നും പൊലീസ് പറഞ്ഞു.

നേരത്തെ, വിദ്യാര്‍ത്ഥികള്‍ ജാതി തിരിച്ചറിയാനായി ചരട് ധരിച്ച് സ്‌കൂളുകളിലെത്തുന്നത് തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചിരുന്നു. എന്നാല്‍ ഈയിടെ വീണ്ടും ഈ സമ്പ്രദാം സജീവമാകുകയായിരുന്നു.

Content Highlight: 17 year old student dies after fight over ‘caste wrist bands’ in Tamil Nadu Tirunelveli