ഹൈദരാബാദ്: ക്യാറ്റ് പരീക്ഷയിൽ (കോമൺ അഡ്മിഷൻ ടെസ്റ്റ്) 95.5 ശതമാനം മാർക്ക് നേടി തെലങ്കാനക്കാരി സംഹിത കാശിഭട്ട. 17കാരിയായ സംഹിത തന്റെ ആദ്യശ്രമത്തിലാണ് ഈ വിജയം നേടിയെടുക്കുന്നത്. തന്നെക്കാൾ പ്രായമുള്ളവർ പോലും പരീക്ഷയിൽ വിജയിക്കാൻ നിരവധി തവണ ശ്രമിക്കേണ്ടി വരുമ്പോഴാണ് സംഹിതയുടെ ഈ നേട്ടം. ധനശാസ്ത്രത്തിൽ(ഫിനാൻസ്) ബിരുദം നേടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, തന്റെ മാർക്ക് വെച്ച് രാജ്യത്തെ ഏറ്റവും മികച്ച ഐ.ഐ.എമ്മുകളിൽ പ്രവേശനം നേടാൻ സാധിക്കുമെന്നും സംഹിത പറഞ്ഞു. “നിലവാരമുള്ള ഒരു ബി സ്കൂളിൽ നിന്നും ബിരുദം നേടാനാണ് താൻ ആഗ്രഹിക്കുന്നത്.” സംഹിത പറഞ്ഞു.
തന്റെ ആഞ്ചാം വയസ്സ് മുതൽ തന്നെ സംഹിത ലേഖനങ്ങൾ എഴുതുകയും ചിത്രങ്ങൾ വരക്കുകയും ചെയ്തിരുന്നു. സൗരയൂഥത്തെ കുറിച്ച് സംഹിത എഴുതിയ ഒരു ലേഖനത്തിനു അന്തരിച്ച ഇന്ത്യയുടെ മുൻപ്രസിഡന്റായ എ.പി.ജെ. അബ്‌ദുൾ കലാമിന്റെ പ്രശംസയും ലഭിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക ഘടന മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് സംഹിത എഴുതിയ ഒരു ലേഖനവുമായി ബന്ധപെട്ടു മുൻ പ്രധാമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ മൻമോഹൻ സിങ്ങിനെയും സംഹിത സന്ദർശിച്ചിരുന്നു. മുൻ ആർ.ബി.ഐ. ഗവർണരായ രഘുറാം രാജനാണ് സംഹിതയുടെ ആദർശമാതൃക.
“സംഹിതയെ ബിരുദ പ്രവേശനത്തിന് ക്ഷണിച്ചുകൊണ്ടുള്ള രാജ്യത്തെ വിവിധ ഐ.ഐ.എമ്മുകളുടെ വിളി പ്രതീക്ഷിച്ചിരിക്കുകയാണ് ഞങ്ങൾ. അക്കാദമിക കാര്യങ്ങൾക്കും കളികളിലും മറ്റ് കാര്യങ്ങളിലും സംഹിതയ്ക്ക് എന്നും പ്രശംസകളും അഭിനന്ദനകളും ലഭിച്ചിരുന്നു. മൂന്നാം വയസ്സിൽ തന്നെ തന്റെ ലക്ഷ്യങ്ങൾ ഉറപ്പിക്കാൻ ഈ പ്രചോദനങ്ങൾ അവളെ സഹായിച്ചു.” സംഹിതയുടെ അച്ഛൻ എൽ.എൻ. കാശിഭട്ട പറഞ്ഞു.
നിരവധി റെക്കോർഡുകളും സംഹിതയുടെ പേരിലുണ്ട്. തന്റെ പത്താം വയസിലാണ് സംഹിത പത്താം ക്ലാസ് പാസാക്കുന്നത്. അതും 8 ഗ്രേഡ് പോയിന്റുകൾ നേടി. അതിൽ കണക്കിലും, ശാസ്ത്രത്തിലും 10 വീതം ഗ്രേഡ് പോയിന്റുകൾ സംഹിതയ്ക്കുണ്ടായിരുന്നു. പന്ത്രണ്ടാം വയസ്സിൽ കണക്കിനും, ഭൗതികശാസ്ത്രത്തിലും, രസതന്ത്രത്തിലെ 88.6 ശതമാനം മാർക്ക് നേടിയാണ് സംഹിത പന്ത്രണ്ടാം ക്ലാസ് പാസാക്കുന്നത്.
ഇലക്ട്രിക്കൽ ഇലക്ട്രോണിക് എഞ്ചിനീയറിംഗ് 10+12+4 പാറ്റേർണിൽ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളും സംഹിതയാണ്.പതിനാറാം വയസിലാണ് സംഹിത ഈ നേട്ടം സ്വന്തമാക്കുന്നത്. ആദ്യ സെമസ്റ്ററിൽ സംഹിത 8.85 സി.ജി.പി.എ നേടി. അവസാൻ സെമസ്റ്ററിൽ ഇത് 9.5 ശതമാനമായി സംഹിത ഉയർത്തുകയും മെറിറ്റ് സർട്ടിഫിക്കറ്റും സ്വർണ മെഡലും സ്വന്തമാക്കുകയും ചെയ്തു.