| Wednesday, 31st July 2019, 3:23 pm

ജയ്ശ്രീരാം വിളിക്കാത്തതിന് ചുട്ടുകൊല്ലപ്പെട്ട മകന്റെ മൃതശരീരവുമായി ഇരിക്കുന്ന ആ ഉപ്പയുടെ ഇരിപ്പാണ് ഇന്ത്യ

ഷിജു. ആര്‍

രാമരാജ്യത്തിന് ജയ് വിളിക്കാന്‍ വിസമ്മതിച്ച കുറ്റത്തിന് ചുട്ടുകൊല്ലപ്പെട്ട ഖാലിദിന്റെ മൃതശരീരവും പൊതിഞ്ഞു കെട്ടി ഒരു ട്രക്കിന്റെ പിറകിലിരിക്കുന്ന ഈ ഉപ്പയുടെ ഇരിപ്പാണ് ഇന്ത്യ. ആ നിരാശ കലര്‍ന്ന നിശ്വാസത്തില്‍ മുഴങ്ങുന്നതിന്ത്യയുടെ ദേശഗീതികള്‍ . കത്തിക്കരിഞ്ഞ് ചലനമറ്റ് പൊതിഞ്ഞു പിടിച്ചത് നമ്മുടെ തന്നെ സമന്വയങ്ങളുടെ, സഹജീവനത്തിന്റെ ഇന്നലെകളെയാണ്.

ഒരിക്കല്‍ ഒരു മാന്‍കിടാവ് ഒരു പുഴയില്‍ നിന്ന് വെള്ളം കുടിക്കുകയായിരുന്നു. അതു കണ്ട സിംഹത്തിന് മാനിനെ കൊന്നു തിന്നാന്‍ കൊതി തോന്നി. കൊല്ലാന്‍ ഒരു കാരണം വേണമല്ലോ. സിംഹം പുഴയില്‍ മാന്‍ വെള്ളം കുടിക്കുന്നതിന് ശേഷമുള്ള ഒരു ഭാഗത്ത് പോയി വെള്ളം കുടിച്ചു. എന്നിട്ട് മാനിനെ നോക്കി അലറി. ” മൃഗരാജാവിന്റെ കുടിവെള്ളം അശുദ്ധമാക്കുന്നോ ധിക്കാരീ” പാഞ്ഞു വന്ന സിംഹം ഒറ്റയടിക്ക് ആ മാനിനെ കൊന്നു തിന്നു. പിറ്റേന്ന് ‘മൃഗരാജാവിന്റെ കുടിവെള്ളം കലക്കിയ കുറ്റത്തിന് മാനിനെ ശിക്ഷിച്ചു’ എന്നൊരു വാര്‍ത്ത കാട്ടില്‍ പരന്നു.

അത്രയേ ഉള്ളൂ.. ബലവാന് വേണ്ട ന്യായങ്ങള്‍ നിര്‍മ്മിക്കപ്പെടുകയാണ്. മുസ്ലിമായി , മറ്റൊരു മതസ്ഥനായി, അവര്‍ണ്ണനായി നിങ്ങള്‍ ജനിച്ചു എന്നതാണ് കാരണം. ഒരാള്‍ക്കൂട്ടത്തില്‍ കൊലചെയ്യപ്പെടാന്‍ , ആക്രമിക്കപ്പെടാന്‍, അവഹേളിക്കപ്പെടാന്‍ നിങ്ങളര്‍ഹത നേടി എന്നാണതിന്റെ അര്‍ത്ഥം . നിങ്ങള്‍ കലക്കിയ കുടിവെള്ളത്തിന്റെ കഥ പിറകെ വന്നോളും.

ചിത്രം: ബിബിത് കോഴിക്കളത്തില്‍

നമ്മുടെ രാഷ്ട്രപിതാവ് മുതല്‍ ഉന്നാവയിലെ പെണ്‍കുട്ടിക്കും അഖ്‌ലാക്കിനും ഈ വണ്ടിയില്‍ പൊതിഞ്ഞു കെട്ടിപ്പോവുന്ന ഖാദറിനും കൂടി അവകാശപ്പെട്ട , അവര്‍ക്ക് നിഷേധിക്കപ്പെട്ട ഈ സ്വസ്ഥജീവിതത്തിന്റെ ആനുകൂല്യം ഒരു കൊള്ളമുതലാണ്. ഈ കെട്ട കാലത്തെ സൈ്വര്യജീവിതത്തിന് സഹായകമായ എന്റെ ജന്മത്തിന്റെ പ്രിവിലേജുകള്‍ എന്നെ ലജ്ജിപ്പിക്കേണ്ടതുണ്ട്.

ഡൂൾന്യൂസ് ടെലഗ്രാം ചാനലിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
https://t.me/thedoolnews

ആസന്നമായ ഹിന്ദുരാഷ്ട്രം ഹിന്ദുവിന് സുരക്ഷയുള്ള ഇടമാണെന്ന തെറ്റിദ്ധാരണയാണോ എന്റെ നിഷ്‌ക്രിയത്വത്തിന്റെ കാരണമെന്ന് ഞാന്‍ എന്നോട് ചോദിക്കുന്നു. കാലത്തിലും ലോകത്തും അതിന് തെളിവുകളില്ലല്ലോ എന്ന് ചരിത്ര പുസ്തകങ്ങള്‍ കരുണയോടെ പറയുന്നു. മതാത്മക ഭരണകൂടങ്ങള്‍ ആ മതത്തിന്റെ അനുയായികള്‍ക്ക് സ്വ4ഗം പണിയുമെന്നതൊരു മിഥ്യയല്ലാതെ മറ്റൊന്നുമല്ല.

ആചാരങ്ങളും വിശ്വാസത്തിന്റെ പ്രകടനങ്ങളും വ്യക്തിപരമായൊരു തെരഞ്ഞെടുപ്പല്ലാതാവുമ്പോള്‍ നിങ്ങളുടെ വിശ്വാസ ജീവിതത്തിനു മുകളില്‍ സൂക്ഷ്മനിരീക്ഷണത്തിന്റെ ഒരു കഴുകന്‍ കണ്ണ് സ്ഥാപിക്കപ്പെടും. ചെറിയ അപഭ്രംശങ്ങള്‍ പോലും വലിയ ശിക്ഷകള്‍ക്ക് വഴിവെക്കും. അസംബന്ധങ്ങളുടെ അഴുക്കുചാലുകളാണെന്റെ പൗരജീവിതത്തെ കാത്തിരിക്കുന്നതെന്ന് ചരിത്രമെന്നെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. വര്‍ണ്ണാശ്രമത്തിന്റെ കുപ്പയില്‍ പോലും ഇടമില്ലാത്ത അവര്‍ണ്ണരില്‍ വലിയൊരു വിഭാഗത്തിന്റെ കയ്യിലെ വിദ്വേഷത്തിന്റെ തീജ്വാലകള്‍ അവരുടെ തന്നെ പട്ടടത്തീയാണെന്ന് അവരറിയുന്നതേയില്ല.

ഷിജു. ആര്‍

We use cookies to give you the best possible experience. Learn more