പത്തനംതിട്ട: പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് 17കാരിയായ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച മുന്‍ സുഹൃത്തും കൂട്ടുകാരനും അറസ്റ്റില്‍. പത്തനംതിട്ട ചന്ദ്രവേലിപ്പടിയില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം.
മുന്‍ സുഹൃത്തായ അയ്യപ്പന്‍, ഇയാളുടെ സുഹൃത്ത് റിജോമോന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം.
പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞ ഇരുവരും ആദ്യം കുട്ടിയുടെ കവിളത്തടിച്ചു. പിന്നീട് ബൈക്ക് എടുത്തുപോയ പ്രതികള്‍ വീണ്ടും തിരിച്ചെത്തി നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.
അടിയേറ്റ് നിലത്തുവീണ പെണ്‍കുട്ടിയുടെ കഴുത്തിലും നെഞ്ചിലും ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് കല്ലുകൊണ്ട് നെറ്റിക്ക് മുറിവേല്‍പ്പിച്ചത്. പിന്നാലെ പ്രതികള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റിട്ടും പെണ്‍കുട്ടി നടന്നാണ് വീട്ടിലെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇന്ന് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ നെറ്റിയിലും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ദേഹത്ത് പലയിടത്തും നീര് വെച്ചിട്ടുണ്ട്.