പാരീസ്: ട്രാഫിക് നിയമലംഘനം നടത്തിയ 17കാരനെ ഫ്രഞ്ച് പൊലീസ് വെടിവെച്ചുകൊന്നതിന് വ്യാപക പ്രതിഷേധം. പൊലീസ് നരനായാട്ടിനെതിരെ രാജ്യതലസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയരുന്നുണ്ടെന്നും കഴിഞ്ഞ രാത്രിയില്‍ കലാപങ്ങള്‍ നടക്കുന്നുണ്ടെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
നേല്‍ എം (17) എന്ന കുട്ടിയെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ പാരീസ് പ്രാന്തപ്രദേശമായ നാന്ററെയില്‍ വെച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കൗമാരക്കാരനായ ഒരു ആണ്‍കുട്ടിയെ ഉദ്യോഗസ്ഥര്‍ മാരകമായി വെടിവെച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഫ്രാന്‍സിനെ ഞെട്ടിച്ച സംഭവത്തില്‍ ഫുട്‌ബോളര്‍ എംബാപ്പെ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ നടുക്കം രേഖപ്പെടുത്തി. ഒരു വാടക കാര്‍ ഓടിക്കുകയായിരുന്ന കുട്ടിക്കെതിരെയാണ് പൊലീസ് ക്രൂരത കാണിച്ചത്.
പൊലീസുകാരില്‍ ഒരാള്‍ കുട്ടിയെ കാറില്‍ നിന്ന് വലിച്ച് താഴെയിറക്കിയ ശേഷം ക്ലോസ് റേഞ്ചില്‍ വെച്ച് വെടിയുതിര്‍ക്കുകയായിരുന്നു. കുട്ടി നിരവധി റോഡ് നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് പൊലീസ് ഇതിന് വിശദീകരണം നല്‍കിയത്.
പ്രതിഷേധക്കാര്‍ വിവിധയിടങ്ങളില്‍ ഒത്തുകൂടുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ജനരോഷം വര്‍ധിച്ചതോടെ വിദേശ പര്യടനത്തിലായിരുന്ന പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പൊലീസ് നടപടികളെ തള്ളിപ്പറഞ്ഞ് കുട്ടിയുടെ കുടുംബത്തിന് അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്തു.
കൊല്ലപ്പെട്ട കുടുംബത്തോടുള്ള ആദരവും അദ്ദേഹം പ്രകടിപ്പിച്ചു. ‘ഒരു കൗമാരക്കാരന്‍ കൊല്ലപ്പെട്ടു. അത് വിശദീകരിക്കാനാകാത്തതും പൊറുക്കാനാവാത്തതുമാണ്. സംഭവം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്,’ മാക്രോണ്‍ പറഞ്ഞു. ക്രമസമാധാനം നിലനിര്‍ത്താനായി പാരീസില്‍ 2000 സൈനികരെ കൂടി അധികം നിയമിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ഫ്രാന്‍സിന് വേണ്ടി ഞാന്‍ ഏറെ ദുഖിക്കുന്നുവെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ ട്വീറ്റ് ചെയ്തു. ‘എന്റെ ഫ്രാന്‍സിന് വേണ്ടി ഞാന്‍ ഏറെ ദുഖിക്കുന്നു. ഒരിക്കലും അംഗീകരിക്കാനാകാത്ത സാഹചര്യമാണിത്.
എന്റെ ചിന്തയെല്ലാം ഇപ്പോള്‍ നെയ്‌ലിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കുമൊപ്പമാണ്. ഈ കുഞ്ഞു മാലാഖ വളരെ നേരത്തെയാണ് യാത്രയായത്,’ എംബാപ്പെ ട്വീറ്റ് ചെയ്തു. 24കാരനായ എംബാപ്പെ പാരീസിലെ പ്രാന്തപ്രദേശങ്ങളിലാണ് വളര്‍ന്നത്.
Content Highlights: 17 year old boy shot by police, protest in paris