ന്യൂദല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, സി.പി.ഐ.എം, സി.പി.ഐ, മുസ്‌ലിം ലീഗ്, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ്, എന്‍.സി.പി, ആര്‍.ജെ.ഡി, ശിവസേന, ആം ആദ്മി പാര്‍ട്ടി എന്നിവയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രീംകോടതിയുടെ വിധിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. രാജ്യസഭയിലെ സ്വതന്ത്ര അംഗമായ കപില്‍ സിബലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം കോടതി വിധിക്കെതിരെ രംഗത്തെത്തയിട്ടുണ്ട്.
ഏതാനും ദിവസം മുമ്പായിരുന്നു ഇ.ഡിക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടുള്ള കള്ളപ്പണ നിരോധന നിയമഭേദഗതി ശരിവെച്ചുകൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് 17 പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്.
17 Opposition parties, including TMC & AAP, plus one independent Rajya Sabha MP, have signed a joint statement expressing deep apprehensions on long-term implications of the recent Supreme Court judgement upholding amendments to PMLA,2002 and called for its review. The statement: pic.twitter.com/vmhtxRHAnl
— Jairam Ramesh (@Jairam_Ramesh) August 3, 2022
17 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ വിധിക്കെതിരെ സംയുക്ത പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.
ഇ.ഡിയുടെ അധികാരം വിപുലപ്പെടുത്തിക്കൊണ്ട് ഏതാനും ദിവസം മുമ്പ് പുറപ്പെടുവിച്ച കോടതി വിധി അപകടകരമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇ.ഡിയടക്കമുള്ള കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ പകപോക്കലിന് വേണ്ടി ദുരുപയോഗം ചെയ്യുന്ന ബി.ജെ.പിയുടെ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി വിധി കരുത്ത് പകരുമെന്നും പ്രസ്താവനയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി വിധി ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും വിധിയില്‍ കടുത്ത നിരാശയുണ്ടെന്നും പ്രസ്താവനയില്‍ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.
”പരമോന്നത കോടതിയോട് അങ്ങേയറ്റം ആദരവുണ്ട്. ധനനിയമ മാര്‍ഗം സ്വീകരിച്ചതിന്റെ ഭരണഘടന സാധുത പരിഗണിക്കുന്ന വിശാല ബെഞ്ചിന്റെ വിധി വരുന്നതുവരെ കോടതി കാത്തിരിക്കേണ്ടിയിരുന്നു.
രാഷ്ട്രീയമായ പകപോക്കലിന് വേണ്ടി നിയമം ദുരുപയോഗം ചെയ്യുന്ന കേന്ദ്ര സര്‍ക്കാറിന്റെ കരങ്ങള്‍ക്ക് ശക്തിപകരുകയാണ് സുപ്രീംകോടതി വിധി ചെയ്യുന്നത്.
അപകടകരമായ ഈ വിധിക്ക് ആയുസില്ല. ഭരണഘടനാ വ്യവസ്ഥകള്‍ വൈകാതെ ജയം നേടുമെന്നും പ്രതീക്ഷിക്കുന്നു,” പ്രതിപക്ഷ പാര്‍ട്ടികള്‍ പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹരജി നല്‍കുമെന്നും നേരത്തെ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയിരുന്നു.
Content Highlight: 17 Opposition parties released joint statement against Supreme Court verdict on expanding ED’s powers