ഏറ്റവും വലിയ ഒറ്റക്കക്ഷിയില്‍ നിന്ന് രണ്ട് എം.എല്‍.എമാരിലേക്ക്; ഗോവയില്‍ കോണ്‍ഗ്രസ് നേരിടുന്നത് വന്‍ പ്രതിസന്ധി
2022 Goa Legislative Assembly election
ഏറ്റവും വലിയ ഒറ്റക്കക്ഷിയില്‍ നിന്ന് രണ്ട് എം.എല്‍.എമാരിലേക്ക്; ഗോവയില്‍ കോണ്‍ഗ്രസ് നേരിടുന്നത് വന്‍ പ്രതിസന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st December 2021, 3:07 pm

പനജി: ഗോവയില്‍ കോണ്‍ഗ്രസ് നേരിടുന്നത് കടുത്ത പ്രതിസന്ധി. തിങ്കളാഴ്ച ഒരു എം.എല്‍.എ കൂടി പാര്‍ട്ടി വിട്ടതോടെ സംസ്ഥാനത്ത് രണ്ട് എം.എല്‍.എമാര്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.

കര്‍ട്ടോറിം എം.എല്‍.എ അലക്‌സിയോ റെജിനാള്‍ഡോയാണ് തിങ്കളാഴ്ച കോണ്‍ഗ്രസ് വിട്ടത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

പട്ടികയില്‍ അലക്‌സിയോയും ഉള്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെ എം.എല്‍.എ പാര്‍ട്ടി വിട്ടത് നേതൃത്വത്തേയും ഞെട്ടിച്ചിട്ടുണ്ട്.

അലക്‌സിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ദിഗംബര്‍ കാമത്തും പ്രതാപ് സിംഗ് റാണെയുമാണ് സംസ്ഥാനത്ത് അവശേഷിക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍.

2017 ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു കോണ്‍ഗ്രസ്. 40 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയപ്പോള്‍ 17 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചത്. ബി.ജെ.പി 13 സീറ്റിലും ജയിച്ചു.

2022 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വരവാണ് കോണ്‍ഗ്രസിനെ പിന്നോട്ടടിപ്പിക്കുന്നത്. ഇതിനോടകം കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ തൃണമൂലിനായി.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറാണ് മമതയ്ക്ക് വേണ്ടി ഗോവയില്‍ പ്രവര്‍ത്തിക്കുന്നത്. ലിയാണ്ടര്‍ പേസ് അടക്കമുള്ള പ്രമുഖരെ തൃണമൂല്‍ തട്ടകത്തിലെത്തിക്കാന്‍ പ്രശാന്തിനായിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: 17 MLAs to 2: Congress in Goa left stunned, betrayed