| Thursday, 15th February 2018, 8:12 am

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവെപ്പ്; ഫ്‌ളോറിഡയിലെ സ്‌കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു; അക്രമി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാര്‍ക്ക് ലാന്‍ഡ്, ഫ്‌ളോറിഡ: അമേരിക്കയെഞെട്ടിച്ചുകൊണ്ട് ദക്ഷിണ ഫ്‌ളോറിഡയിലെ സ്‌കൂളില്‍ വെടിവെപ്പ്. പാര്‍ക്ക്‌ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ കുറഞ്ഞത് 17 പേര്‍ കൊല്ലപ്പെട്ടു. ഇതേ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട 19-കാരനായ നിക്കോളസ് ക്രൂസ് ആണ് അക്രമി. ഇയാളെ പൊലീസ് പിടികൂടി.

ബുധനാഴ്ച അമേരിക്കന്‍ സമയം വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം ഉണ്ടായത്. പുറത്തു നിന്ന് വെടിയുതിര്‍ത്ത ശേഷമാണ് അക്രമി സ്‌കൂളിനകത്തേക്ക് കയറിയത്. കണക്ടിക്കട്ടില്‍ 2012-ല്‍ ഉണ്ടായ വെടിവെപ്പില്‍ 20 കുട്ടികള്‍ മരിച്ചതിനു ശേഷം അമേരിക്ക കണ്ട ഭീകരമായ സംഭവമാണ് ഇത്.

സ്കൂളിനുള്ളില്‍ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നു.

സ്‌കൂളിനു പുറത്തുനടത്തിയ വെടിവെപ്പില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. സ്‌കൂളിനുള്ളില്‍ നടത്തിയ വെടിവെപ്പില്‍ 12 പേര്‍ തത്സമയം കൊല്ലപ്പെട്ടു. രണ്ടുപേര്‍ ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്. ബ്രോവാര്‍ഡ കൗണ്ടി ഷെരിഫ് സ്‌കോട്ട് ഇസ്രയേലാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.

യാതൊരു പ്രകോപനവുമില്ലാതെയാണ് നിക്കോളസ് വെടിവെപ്പ് ആരംഭിച്ചത്. മുന്‍പ് ഇതേ സ്‌കൂളില്‍ പഠിച്ചിരുന്ന നിക്കോളസിനെ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇയാള്‍ ക്രൂരകൃത്യം നടത്തിയത് എന്നാണ് അനുമാനം.

സ്കൂളിനുള്ളില്‍ ഒളിച്ചിരിന്ന വിദ്യാര്‍ത്ഥി തന്നെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച് ട്വീറ്റ് ചെയ്തു. കുട്ടികള്‍ക്കോ അധ്യാപകര്‍ക്കോ മറ്റാര്‍ക്കുമോ അമേരിക്കന്‍ സ്‌കൂളുകളില്‍ അരക്ഷിതാവസ്ഥ തോന്നാന്‍ പാടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കൂടാതെ, ഫ്‌ളോറിഡ ഗവര്‍ണര്‍ റിക്ക് സ്‌കോട്ടുമായി താന്‍ സംസാരിച്ചുവെന്നും നിയമപരമായി ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

വീഡിയോ:

കൂടുതല്‍ ചിത്രങ്ങള്‍:

വെടിവെപ്പില്‍ പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.

അക്രമി നിക്കോളസ് ക്രൂസ് പിടിയിലായപ്പോള്‍.

We use cookies to give you the best possible experience. Learn more