ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തിലെ 17 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അയല്‍ സംസ്ഥാനമായ മധ്യപ്രദേശിലേക്ക് മാറി താമസിക്കണമെന്നും അവിടെ സാമൂഹ്യ സേവനം നടത്താനും ആത്മീയ പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഗുജറാത്ത് കലാപ സമയത്ത് 33 മുസ്‌ലീങ്ങളെ തീ കൊളുത്തി കൊന്നു എന്ന കേസില്‍ തടവു ശിക്ഷ അനുഭവിക്കുകയായിരുന്നു ഇവര്‍.
ചീഫ് ജസ്റ്റിസ് എസ്.എ ബോംബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഭോപ്പാല്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് ഇവര്‍ക്ക് തൊഴില്‍ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. 17 പ്രതികളെയും രണ്ടു ഗ്രൂപ്പുകളായി തിരിക്കാനും ഒരു സംഘത്തെ ഇന്‍ഡോറിലും രണ്ടാമത്തെ സംഘത്തെ ജബല്‍പൂരിലുമായി താമസിപ്പിക്കാനാണ് നിര്‍ദ്ദേശം.
പ്രതികള്‍ ആറു മണിക്കൂര്‍ ദിവസേന സാമൂഹ്യ സേവനം നടത്തുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഇന്‍ഡോര്‍, ജബല്‍പൂര്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇവരുടെ പ്രവൃത്തികളുടെ റിപ്പോര്‍ട്ടു സൂക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2002 ലെ ഗുജറാത്ത് കലാപത്തില്‍ സര്‍ദാര്‍പുര ജില്ലയില്‍ വെച്ചാണ് 33 മുസ്‌ലിം മതവിശ്വാസികളെ തീ കൊളുത്തി കൊല്ലുന്നത്. കലാപത്തില്‍ വീട്ടിലൊളിച്ചിരുന്ന മുസ്‌ലീങ്ങളെ ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്ന 17 പ്രതികളടങ്ങിയ ആള്‍ക്കൂട്ടം വീടിന് തീവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഗുജറാത്ത് ഹൈക്കോടതി 14 പേരെ വെറുതെവിടുകയും 17 പേരെ പ്രതിചേര്‍ക്കുകയുമായിരുന്നു.