| Sunday, 7th August 2022, 2:25 pm

ഇടിമിന്നലേറ്റ് ഇന്ധന ഡിപ്പോയില്‍ സ്‌ഫോടനം, 17 അഗ്നിശമന സേനാംഗങ്ങളെ കാണാനില്ല; സഹായമഭ്യര്‍ത്ഥിച്ച് ക്യൂബ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹവാന: ക്യൂബയില്‍ ഇടിമിന്നലേറ്റ് എണ്ണ സംഭരണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 121 പേര്‍ക്ക് പരിക്കേറ്റതായും 17 പേരെ കാണാതായതായുമാണ് റിപ്പോര്‍ട്ട്.

അഗ്നിശമന സേനാംഗങ്ങളായ 17 പേരെയാണ് കാണാതായത്.

പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് ക്യൂബന്‍ പ്രസിഡന്‍സിയുടെ ട്വിറ്റര്‍ പേജില്‍ പറയുന്നത്. പരിക്കേറ്റവരില്‍ ഊര്‍ജവകുപ്പ് മന്ത്രി ലിവാന്‍ അരോന്‍ടെയും (Livan Arronte) ഉള്‍പ്പെടുന്നുണ്ട്.

തീ ഇപ്പോഴും ആളിപ്പടരുന്നുണ്ട്.

ക്യൂബയിലെ മറ്റാന്‍സസ് (Matanzas) നഗരത്തില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. 1,40,000 ജനസംഖ്യയുള്ള മറ്റാന്‍സസിന്റെ പ്രാന്തപ്രദേശത്തുള്ള ഇന്ധന ഡിപ്പോയിലെ ടാങ്കിലാണ് ഇടിമിന്നലേറ്റതിനെ തുടര്‍ന്ന് തീപിടുത്തമുണ്ടാകുകയും അത് സ്ഫോടനത്തിലേക്ക് നയിക്കുകയും ചെയ്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ശനിയാഴ്ച പുലര്‍ച്ചയോടെ രണ്ടാമത്തെ ടാങ്കിലേക്ക് തീ പടരുകയും വീണ്ടും സ്‌ഫോടനമുണ്ടാകുകയും വലിയ കറുത്ത പുക ആകാശത്തേക്ക് പടരുകയുമായിരുന്നു.

ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരത്താണ് മറ്റാന്‍സസ്. സ്‌ഫോടനത്തെത്തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്നും 1900 പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്ഥലത്ത് നിന്ന് ആദ്യത്തെ മൃതദേഹം കണ്ടെടുത്തതായി പ്രവിശ്യയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ ലൂയിസ് അര്‍മാന്‍ഡോ വോങ് ശനിയാഴ്ച വൈകുന്നേരം നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

തീപിടിത്തം തടയാന്‍ ക്യൂബ ശനിയാഴ്ച സഹായമഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

”തീ അണയ്ക്കുന്നതിന് വേണ്ടി ഇന്ധന സംബന്ധമായ കാര്യങ്ങളില്‍ അനുഭവസമ്പത്തുള്ള സുഹൃദ് രാജ്യങ്ങളില്‍ നിന്നും ക്യൂബ സഹായവും ഉപദേശവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്,” പ്രസിഡന്റ് മിഗ്വെല്‍ ഡയസ് കനെല്‍ (Miguel Díaz Canel) പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഉടന്‍ തന്നെ സഹായം വാഗ്ദാനം ചെയ്ത മെക്‌സിക്കോ, വെനസ്വേല, റഷ്യ, നിക്കരാഗ്വ, അര്‍ജന്റീന, ചിലി എന്നീ രാജ്യങ്ങളുടെ സര്‍ക്കാരുകള്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

”സാങ്കേതിക ഉപദേശങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് യു.എസില്‍ നിന്നുള്ള സഹായത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു,” മിഗ്വെല്‍ ഡയസ് കനെല്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

‘ക്യൂബയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് യു.എസ് സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും യു.എസ് നിയമപ്രകാരം അധികാരം നല്‍കുന്നുവെന്ന് വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.’ ഹവാനയിലെ യു.എസ് എംബസി ട്വീറ്റ് ചെയ്തു.

Content Highlight: 17 firefighters missing in Cuba after lightning strike causes fire explosion at fuel depot, government seek help from countries

We use cookies to give you the best possible experience. Learn more