| Wednesday, 11th January 2023, 5:34 pm

പെറുവില്‍ ജനകീയ പ്രക്ഷോഭത്തിന് നേരെ നടന്ന വെടിവെപ്പില്‍ 17 മരണം; പ്രസിഡന്റിനെതിരെ വംശഹത്യക്ക് അന്വേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലിമ: പെറുവില്‍ സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭത്തിന് നേരെ പോലീസ് വെടിവെപ്പ്. തടവിലാക്കപ്പെട്ട മുന്‍ പ്രസിഡന്റ് പെദ്രോ കാസ്തിയ്യോയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന റാലിക്ക് നേരെയാണ് പൊലീസ് വെടിവെച്ചത്.

വെടിവെപ്പില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ ഗുരുതരമായി പരിക്കേറ്റു. പ്രക്ഷോഭകര്‍ക്ക് നേരെയുള്ള വെടിവെപ്പില്‍ പെറുവിലെ നിലവിലെ പ്രസിഡന്റ് ദിന ബൊലുവാര്‍ട്ടിനെതിരെ വംശഹത്യ ചുമത്തി അന്വേഷണം പ്രഖ്യാപിച്ചു. നാഷണല്‍ പ്രോസിക്യൂട്ടറുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിച്ചതിനെതിരെയാണ് രാജ്യത്ത് ജനകീയ പ്രക്ഷോഭം ഉടലെടുത്തിരിക്കുന്നത്.

കാസ്തിയ്യോയെ ഭരണത്തില്‍നിന്ന് അട്ടിമറിച്ച് തടവിലാക്കിയതില്‍ പ്രതിഷേധിച്ച് പെറുവിലെ സാന്‍ റോമന്‍ പ്രവിശ്യയിലെ ജൂലിയാകയിലാണ് പ്രക്ഷോഭം നടന്നത്. കാസ്തിയ്യോയെ മോചിപ്പിക്കുക, പുതിയ പ്രസിഡന്റ് ദിനാ ബൊലുവാര്‍ട്ട് രാജി വെക്കുക, തെരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ജനങ്ങള്‍ മുന്നോട്ടുവെക്കുന്നത്.

പ്രക്ഷോഭം തുടരുന്ന പ്രദേശങ്ങളില്‍ സര്‍ക്കാര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. എന്നാല്‍ പ്രക്ഷോഭം അടിച്ചമര്‍ത്താനാകില്ലെന്ന് ശക്തമായ മറുപടിയാണ് കാസ്തിയ്യോ നല്‍കിയിരിക്കുന്നത്.

ഡിസംബര്‍ മുതല്‍ തുടരുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 46 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. റോഡുകളും മറ്റു ഗതാഗതമാര്‍ഗങ്ങളെല്ലാം തടസ്സപ്പെടുത്തിയുള്ള ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ ആദ്യവാരമാണ് ഇടതുപക്ഷ ഫ്രീ പെറു പാര്‍ട്ടി നേതാവ് പെദ്രോ കാസ്തിയ്യോയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇംപീച്ച് ചെയ്തത്. അധികാരമേറ്റതുമുതല്‍ വലതുപക്ഷ സഖ്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അട്ടിമറിശ്രമങ്ങള്‍ക്ക് ഒടുവിലായിരുന്നു ഇംപീച്ച്മെന്റ്. തുടര്‍ന്ന് വൈസ് പ്രസിഡന്റ് ദിന ബൊലുവാര്‍ട്ട് പ്രസിഡന്റായി അധികാരമേറ്റു.

2021 ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 50.2 ശതമാനം വോട്ട് നേടിയാണ് കാസ്തിയ്യോ പ്രസിഡന്റായത്. 2026 വരെ പ്രസിഡന്റ് സ്ഥാനത്തിന് കാലാവധിയുണ്ടായിരുന്നു. ഇപ്പോള്‍ 18 മാസത്തെ കരുതല്‍ തടങ്കലിലാണ് കാസ്തിയ്യോ.

Content Highlight:  17 dead in Police action against protesters in Peru, Probe against President

Latest Stories

We use cookies to give you the best possible experience. Learn more