| Saturday, 6th May 2023, 8:07 am

മണിപ്പൂര്‍ കലാപത്തില്‍ 17 ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തു; ആക്രമണത്തിന് പിന്നില്‍ ക്രൈസ്തവ സഭയെന്ന് ആര്‍.എസ്.എസ് പ്രസിദ്ധീകരണം ഓര്‍ഗനൈസര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങള്‍ക്കിടയില്‍ 17 ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തതായി ബെംഗളൂരു ആര്‍ച്ച് ബിപ്പ് റവ.ഡോ. പീറ്റര്‍ മച്ചാഡോ. കലാപത്തിന്റെ മറവില്‍ ക്രൈസ്തവരെ വേട്ടയാടുകയാണ്. 41 ശതമാനം ക്രിസ്ത്യന്‍ ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തുനിന്ന് അവര്‍ പാലായനം ചെയ്യേണ്ട സ്ഥിതിയാണുള്ളത്. 1974ല്‍ നിര്‍മിച്ചതടക്കം 17 പള്ളികള്‍ കലാപത്തിന്റെ മറവില്‍ ഇതിനോടകം തകര്‍ക്കപ്പെട്ടിട്ടുണ്ട്. മേഖലയില്‍ സേവനം ചെയ്യുന്ന ജസ്യൂട്ട് വൈദികര്‍ ഭീഷണി നേരിടുകയാണെന്നും ബെംഗളൂരു ആര്‍ച്ച് ബിപ്പ് പുറത്തിറിക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

അതേസമയം മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങള്‍ക്ക് പിന്നില്‍ ക്രിസ്ത്യന്‍ സഭയാണെന്നാണ് ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസര്‍ പറയുന്നത് എന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. സഭയുടെയും തീവ്രവാദികളുടെയും പിന്തുണയില്‍ സായുധ ആക്രമണമാണ് മണിപ്പൂരില്‍ നടക്കുന്നത്. ഹിന്ദു ഭൂരിപക്ഷമേഖലകളില്‍ നിന്ന് ആളുകള്‍ പാലായനം ചെയ്തതായും ഓര്‍ഗനൈസറില്‍ പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

മണിപ്പൂരിലെ ക്രമസമാധാന ചുമതല കേന്ദ്രം ഏറ്റെടുത്തിട്ടും കലാപത്തിന് കുറവുണ്ടായിട്ടില്ല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 15 പേര്‍ കൊല്ലപ്പെട്ടെന്ന് പറയുമ്പോഴും വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ അനൗദ്യോഗികമായ 31 പേര്‍ കൊല്ലപ്പെട്ടെന്നും പറയുന്നുണ്ട്. സംഘര്‍ഷബാധിത മേഖലകളില്‍ നിന്ന് ഇതുവരെയും 11000പേരെ ഒഴിപ്പിച്ചതായി സൈന്യം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. പ്രശ്‌നബാധിത മേഖലകളില്‍ കുടുങ്ങിപ്പോയ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ തിരികെ കൊണ്ടുവരാന്‍ അതത് സംസ്ഥാനങ്ങള്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മണിപ്പൂരില്‍ കുടംങ്ങിപ്പോയ മലയാളി വിദ്യാര്‍ത്ഥികളെ സുക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമം കേരള സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഒന്‍പത്‌ വിദ്യാര്‍ത്ഥികളുമായി കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി ദല്‍ഹിയില്‍ കേരളത്തിന്റെ ചുമതല നിര്‍വഹിക്കുന്ന ഔദ്യോഗിക പ്രതിനിധി പ്രൊഫ. കെ.വി തോമസ് അറിയിച്ചു.

കലാപം തടയുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ആവശ്യപ്പെടുന്നു. കലാപം തടയുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. സംസ്ഥാന സമുദായ സൗഹാര്‍ദം പുനസ്ഥാപിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് സി.പി.ഐ.എം മണിപ്പൂര്‍ സംസ്ഥാന സെക്രട്ടറേറിയേറ്റ് ആവശ്യപ്പെട്ടു.

മെയ്ത്തി സമുദായത്തെ പട്ടികവര്‍ഗക്കാരായി പ്രഖ്യാപിക്കല്‍, പര്‍വതമേഖലകളിലെ ഗോത്രവര്‍ഗക്കാരെ ഒഴിപ്പിക്കല്‍, കുക്കി കലാപകാരികളുമായുള്ള വെടിനിര്‍ത്തല്‍ പിന്‍വലിക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് മണിപ്പൂരിലെ കലാപത്തിന് കാരണമായിട്ടുള്ളത്.

content highlights; 17 Christian churches were destroyed in the Manipur riots

We use cookies to give you the best possible experience. Learn more