16കാരിയെ പീഡിപ്പിച്ച സംഭവം; കുട്ടിയുടെ പിതാവിനെ പ്രതിയാക്കാന്‍ സമ്മര്‍ദ്ദം; കുടുംബത്തിന് 10ലക്ഷം രൂപയും വീടും വാഗ്ദാനം
Daily News
16കാരിയെ പീഡിപ്പിച്ച സംഭവം; കുട്ടിയുടെ പിതാവിനെ പ്രതിയാക്കാന്‍ സമ്മര്‍ദ്ദം; കുടുംബത്തിന് 10ലക്ഷം രൂപയും വീടും വാഗ്ദാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th February 2017, 4:03 pm

 

കണ്ണൂര്‍: കൊട്ടിയൂരില്‍ 16 കാരിയെ പീഡിപ്പിച്ച വിവരം പുറത്ത് വന്നപ്പോള്‍ നടന്നത് കുടുംബത്തെ ഭീഷണിപ്പെടുത്തി കുട്ടിയുടെ പിതാവിനെയും കേസില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍. വൈദികന്റെ ഭീഷണിയെ തുടര്‍ന്നാകാം കുട്ടി സ്വന്തം പിതാവിനെതിരെ മൊഴി നല്‍കാന്‍ തയ്യാറായതെന്ന് അന്വേഷണ ഉദ്യാഗസ്ഥനായ പേരാവൂര്‍ സി.ഐ സുനില്‍ കുമാര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


Also read ഇവളാണ് യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍; അക്രമത്തിനിരയായ നടിയെ അഭിനന്ദിച്ച് റിമ കല്ലിങ്കല്‍ 


ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴി പീഡന വിവരമറിഞ്ഞെത്തിയ പൊലീസിനു കുട്ടി ആദ്യം നല്‍കിയ മൊഴി തന്നെ ഗര്‍ഭിണിയാക്കിയത് സ്വന്തം പിതാവാണെന്നായിരുന്നു. മൊഴിയില്‍ സംശയം തോന്നിയ പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഫാ. റോബിന്‍ വടക്കുംചേരിയുടെ പേര് പുറത്ത് വരുന്നത്. പീഡനത്തിനു ശേഷം വാര്‍ത്ത പുറത്തറിയാതിരിക്കാന്‍ കുടുംബത്തെ ഭീഷണിപ്പെടുത്തി നിര്‍ത്തിയിരുന്ന വൈദികന്റെ ക്രൂര മുഖം തന്നെയാണ് പിടിക്കപ്പെടുമെന്നറിഞ്ഞപ്പോള്‍ സ്വന്തം പിതാവിനെതിരെ മൊഴി നല്‍കാന്‍ കുടുംബത്തെ ഭീഷണിപ്പെടുത്തിയതില്‍ നിന്നും വ്യക്തമാകുന്നത്.

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച വൈദികന്‍ റോബിന്‍ വടക്കും ചേരിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രദേശ വാസികളില്‍ നിന്നും ഉയരുന്നത്. പീഡന വാര്‍ത്ത പുറത്തറിയാതിരിക്കാനായി പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും സഹോദരങ്ങള്‍ക്ക് പഠനവും ജോലിയുമുള്‍പ്പെടെ പുതിയ വീടും വൈദികന്‍ വാഗ്ദാനം ചെയ്തതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പുറമെ കുടുംബത്തെ ഭീഷണിപ്പെടുത്തിയാണ് വൈദികന്‍ പീഡന വിവരം മറച്ചുവെച്ചതെന്നുള്ള ആരോപണങ്ങളും ഉണ്ടായിരുന്നു. ഇവ ശരിവക്കും വിധത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രതികരണങ്ങള്‍.


Dont miss നിയമം നടപ്പാക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയവര്‍ ഗുല്‍മെഹര്‍ കൗറിനെ ആക്രമിക്കുന്നവര്‍ക്കൊപ്പം; കിരണ്‍ റിജിജുവിനെതിരെ യെച്ചൂരി 


കുടുംബത്തിന് വൈദികനില്‍ നിന്ന് ബുദ്ധിമുട്ടുകളോ ഭീഷണികളോ നേരിടേണ്ടി വന്നതായി മൊഴി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സമൂഹത്തില്‍ വിലയുള്ള വ്യക്തി എന്ന നിലയില്‍ തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ വൈദികന്‍ ഇടപെട്ടിരിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. നേരത്തെ കേസില്‍ അറസ്റ്റിലായ വൈദികന്‍ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കിയിരുന്നു.

മാനന്തവാടി സ്വദേശിയായ വൈദികന്‍ കൊട്ടിയൂരിനടുത്ത നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍ ദേവാലയത്തില്‍ വികാരിയയെത്തിയിട്ട് മൂന്ന് വര്‍ഷമായി. ഇതിനിടയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളിലെ നിരവധി പെണ്‍കുട്ടികളെ നഴ്‌സിംഗ് പഠനത്തിനും വിദേശ ജോലിക്കുമായി അയച്ചിരുന്നതായും ഇതിലൊക്കെ പണം വാങ്ങി റിക്രൂട്ട്‌മെന്റ് ഏജന്റായാണ് വൈദികന്‍ പ്രവര്‍ത്തിച്ചതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.


Related one 16കാരിയെ പീഡിപ്പിച്ച സംഭവം: വൈദികന്‍ കുറ്റംസമ്മതിച്ചു; കേസ് വഴിതിരിച്ചുവിടാന്‍ ശ്രമം നടന്നെന്ന് ഡി.വൈ.എസ്.പി 


 

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയ വൈദികന്‍ തന്റെ പേരു പുറത്ത് പറയാതിരിക്കാന്‍ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും 10ലക്ഷം രൂപയുള്‍പ്പെടെ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയതായും നേരത്തെ ആരോപണങ്ങളുയര്‍ന്നിരുന്നു. ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് തന്നെയാകാം കുടുംബം പെണ്‍കുട്ടിയെക്കൊണ്ട് സ്വന്തം അച്ഛനെതിരെ മൊഴി നല്‍കിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

വൈദികന്റെ ഭീഷണി തുടര്‍ന്ന് തന്നെയാകാം പ്രസവം നടന്ന് മാസങ്ങളായിട്ടും കുടുംബം വിവരം പുറത്തു പറയാതിരുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച അജ്ഞാത ഫോണ്‍ കോളിലൂടെയാണ് കുട്ടിയുടെ പ്രസവ വിവരവും, പീഡന വാര്‍ത്തയും പുറം ലോകം അറിയുന്നത്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച വിവരത്തെത്തുടര്‍ന്ന് പൊലീസ് അന്വേഷണം നടക്കവേയാണ് സ്വന്തം അച്ഛനെതിരെ മൊഴി നല്‍കി തന്റെ പദവി സംരക്ഷിക്കാന്‍ വൈദികന്‍ കുടുംബത്തെ ഭീഷണിപ്പെടുത്തിയത്.