മാനന്തവാടി: കൊട്ടിയൂരില്‍ 16കാരി പീഡനത്തിനിരയായ സംഭവത്തില്‍ വയനാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകത്തിലിനെതിരെയും അന്വേഷണം. ഒരാഴ്ച പോലും പ്രായമാകാത്ത കുട്ടിയെ മാനദണ്ഡങ്ങള്‍ പാലിക്കാതെ ദത്തു കേന്ദ്രത്തില്‍ സ്വീകരിച്ചതിനെതിരെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വൈത്തിരിയിലെ ദത്തുകേന്ദ്രത്തിലും വയനാട് സി.ഡബ്ല്യു.സി ഓഫീസിലും പരിശോധന നടത്തിയ പൊലീസ് സി.ഡബ്ല്യു.സി ചെയര്‍മാനില്‍ നിന്നും പ്രാഥമികവിവരങ്ങള്‍ ശേഖരിച്ചു.
പതിനാറുകാരിയുടെ കുട്ടിയെ യാതൊരു മാനദണ്ഡങ്ങളും കൂടാതെ ദത്തു കേന്ദ്രത്തില്‍ സ്വീകരിച്ചത് ഗൂഢാലോചനയുടെ ഭാഗമാണോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള വൈത്തിരിയിലെ ദത്തുകേന്ദ്രത്തില്‍ ഒരാഴ്ച പോലും പ്രായമാകാത്ത കുട്ടിയെ ലഭിച്ചിട്ടും പൊലീസിനെയോ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെയോ കേന്ദ്രം അറിയിച്ചിരുന്നില്ല. ഇത് സംഭവത്തിന്റെ ഗൂഢാലോചനയില്‍ ദത്തുകേന്ദ്രത്തിനും പങ്കുള്ളുത് കൊണ്ടാണെന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.
അതേസമയം ഫാ. തോമസ് ജോസഫില്‍ തേരകം സി.ഡബ്ല്യു.സി ചെയര്‍മാനായ ശേഷമുള്ള മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാപൊലീസ് മേധാവിക്ക് ലഭിച്ച പരാതിയില്‍ അന്വേഷണചുമതല മാനന്തവാടി എ.എസ്.പിക്ക് കൈമാറിയിട്ടുണ്ട്.
Dont miss കോളകള്‍ക്ക് പുഴവെള്ളമെടുക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി; കടുത്ത പ്രതിഷേധവുമായി ജനങ്ങള്‍
സ്ഥാപനമേധാവികളില്‍ നിന്നും പ്രാഥമിക മൊഴിയെടുത്ത പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടക്കുകയാണ്. കേസില്‍ അറസ്റ്റിലായ റോബിന്‍ വടക്കുംചേരിക്ക് മാനന്തവാടി രൂപതയ്ക്ക് പുറമേ സംസ്ഥാനത്തുടനീളം സഭാ അധികാര കേന്ദ്രങ്ങളുമായി അടുത്തബന്ധമാണ് ഉണ്ടായിരുന്നത്. ഇതിന്റെ പിന്‍ബലത്തില്‍ തന്നെയാണ് വയനാട് സി.ഡബ്ല്യു.സിയില്‍ ചോരക്കുഞ്ഞിനെ എത്തിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആശുപത്രിയില്‍ പ്രസവിച്ചിട്ടും വിവരം മറച്ചുവെച്ച ക്രിസ്തുരാജ ആശുപത്രി അധികൃതര്‍ക്കെതിരെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെയും കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി സംസ്ഥാന പൊലീസ് മേധാവിയും കണ്ണൂര്‍ ജില്ലാ പൊലീസ് സുപ്രണ്ടും ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പ്പേഴ്‌സണ്‍ മോഹന്‍നദാസാണ് നിര്‍ദ്ദേശം നല്‍കിയത്.