| Monday, 25th March 2024, 9:28 pm

1617 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടി; ഫിന്‍ലന്‍ഡ് മാതൃക പരീക്ഷിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 1617 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടി. പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ എത്താതിനെ തുടര്‍ന്നാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടിയത്. വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്തെ 3,573 സ്‌കൂളുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്.

ഈ 3,573 സ്‌കൂളുകളില്‍ നിലവില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം പത്തിന് താഴെയാണ്. 102 സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ത്ഥി മാത്രമാണ് ഉള്ളത്. സംസ്ഥാനത്തെ പൗരി ജില്ലയില്‍ മാത്രമായി 315 സ്‌കൂളുകളുടെ പ്രവര്‍ത്തനമാണ് വിദ്യാഭ്യാസ ബോര്‍ഡ് നിര്‍ത്തിവെച്ചത്. പൗരിയിലാണ് ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ നിര്‍ത്തലാക്കിയിരിക്കുന്നതും.

വിവിധ ജില്ലകളിലായി അടച്ചുപൂട്ടിയ സ്‌കൂളുകളുടെ സ്ഥിതി സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അടച്ചുപൂട്ടിയ സ്‌കൂളുകളുടെ എണ്ണം നിരത്തുക എന്നല്ലാതെ അടച്ചുപൂട്ടലിനുള്ള കാരണം വ്യക്തമാക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് കഴിഞ്ഞില്ല.

അടച്ചുപൂട്ടിയ സര്‍ക്കാര്‍ സ്‌കൂളുകളുടെ കെട്ടിടങ്ങളെ അങ്കണവാടി കേന്ദ്രങ്ങളായും ഹോംസ്റ്റേകളായും എ.എന്‍.എം സെന്ററുകളായും ഗ്രാമപഞ്ചായത്തുകളായും മാറ്റുമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബന്‍ഷിധര്‍ തിവാരി പ്രതികരിച്ചത്.

അതേസമയം സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ഫിന്‍ലന്‍ഡ് മാതൃക സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അവകാശപ്പെട്ടു.

Content Highlight: 1617 government schools were closed in Uttarakhand

We use cookies to give you the best possible experience. Learn more