| Friday, 2nd August 2024, 5:00 pm

മമ്മൂട്ടിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല, മുട്ടന്‍ മത്സരം കൊടുക്കാന്‍ പൃഥ്വിയും, നടിമാരില്‍ മത്സരം പാര്‍വതിയും അനശ്വരയും ജ്യോതികയും തമ്മില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

54ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനുള്ള ചിത്രങ്ങളുടെ അന്തിമപട്ടികയായി. 160 സിനിമകളാണ് ഈ വര്‍ഷം മത്സരിക്കുന്നത്. ഇതില്‍ 84 എണ്ണം പുതുമുഖ സംവിധായകരുടേതാണ്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള അവാര്‍ഡിന് ഈ വര്‍ഷവും കടുത്ത മത്സരം നടക്കുമെന്ന് ഉറപ്പാണ്. കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നീ ചിത്രങ്ങളുടെ പ്രകടനം കൊണ്ട് മമ്മൂട്ടിയും ആടുജീവിതത്തിലൂടെ പൃഥ്വിരാജും തമ്മിലാകും പ്രധാന മത്സരം.

ഇവരില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ ജൂറി കുറച്ചധികം വിയര്‍ക്കേണ്ടി വരും. ജോജു ജോര്‍ജ് (ഇരട്ട), ടൊവിനോ തോമസ്(2018) എന്നിവര്‍ക്കും സാധ്യതയുണ്ട്

മികച്ച നടിക്കുള്ള മത്സരവും ഇത്തവണ കടുപ്പമേറിയതാകും. ഉള്ളൊഴുക്കില്‍ മത്സരിച്ചഭിനയിച്ച ഉര്‍വശിയും, പാര്‍വതിയും എന്തായാലും അവാര്‍ഡിനുള്ള മത്സരത്തിന്റെ മുന്‍പന്തിയിലുണ്ടാകും. നേരിലെ പ്രകടനം കൊണ്ട് അനശ്വരയും, കാതലിലെ പ്രകടനത്തിലൂടെ ജ്യോതികയും അവാര്‍ഡ് നേടാന്‍ സാധ്യതയുണ്ട്.

മികച്ച സംവിധായകന്‍ ഇത്തവണ ആരാകുമെന്നുള്ളതിലും വലിയ മത്സരം തന്നെയാണ് നടക്കാന്‍ പോകുന്നത്. രോഹിത് എം.ജി. കൃഷ്ണന്‍ (ഇരട്ട), ബ്ലെസി (ആടുജീവിതം), ജിയോ ബേബി( കാതല്‍) എന്നിവരാണ് സാധ്യതാ പട്ടികയില്‍ മുന്‍പന്തിയിലുള്ളവര്‍.

കണ്ണൂര്‍ സ്‌ക്വാഡ്, 2018, കാതല്‍, ഇരട്ട, ആടുജീവിതം, ഉള്ളൊഴുക്ക്, കിങ് ഓഫ് കൊത്ത, നേര്, വോയിസ് ഓഫ് സത്യനാഥന്‍, ആര്‍.ഡി.എക്‌സ്, ഫാലിമി, എന്നീ സിനിമകളും മത്സരത്തിനുണ്ട്.

ഹിന്ദി സംവിധായകനായ സുധീര്‍ മിശ്രയാണ് ജൂറി ചെയര്‍മാന്‍. സംവിധായകന്‍ പ്രിയനന്ദന്‍, ഛായാഗ്രഹകന്‍ അഴകപ്പന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് പ്രാഥമികസമിതികള്‍ 80 സിനിമകള്‍ വീതം കാണുകയും അതില്‍ നിന്ന് 30 സിനിമകള്‍ അടുത്ത റൗണ്ടിലേക്ക് അയക്കുകയും ചെയ്യും. ഓഗസ്റ്റ് പകുതിയോടെ അവാര്‍ഡ് പ്രഖ്യാപിച്ചേക്കും.

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍, നടി ആന്‍ അഗസ്റ്റിന്‍, സംഗീതസംവിധായകന്‍ ശ്രീവത്സന്‍ ജെ. മേനോന്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

Content Highlight: 160 films selected by Jury members for State film awards

We use cookies to give you the best possible experience. Learn more