ന്യൂദല്‍ഹി: മോഷ്ടാവാണെന്ന് ആരോപിച്ച് പതിനാറുകാരനെ നാട്ടുകാര്‍ തല്ലികൊന്നു. ന്യൂദല്‍ഹി മുകുന്ദ്പൂരിലാണ് സംഭവം. വീട്ടിനകത്ത് കയറി മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പതിനാറുകാരനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നത്.
മരിച്ചത് ആരെന്ന് വ്യക്തമായിട്ടില്ല. മുകുന്ദ്പൂരിലെ ഒരു വീട്ടിനുള്ളിലേക്ക് അതിക്രമിച്ചുകയറിയ ശേഷം വീട്ടുസാധനങ്ങള്‍ എടുത്ത് കടന്നുകളയാനായിരുന്നു പതിനാറുകാരന്റെ ശ്രമമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പതിനാറുകാരന് സാധങ്ങള്‍ എടുത്ത് രക്ഷപ്പെടാന്‍ നോക്കുന്നത് കണ്ട നാട്ടുക്കാര് ഓടിക്കൂടി മര്‍ദ്ദിക്കുകയായിരുന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘത്തിന്റെ മര്‍ദ്ദനമേറ്റ കൗമാരക്കാരന് വൈകാതെ തന്നെ മരണത്തിന് കീഴടങ്ങി.
സംഭവം അറിഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി. സംഘത്തിലെ മൂന്ന് പേരെ ഭലസ്വ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള മൂന്ന് പേര്‍ക്കായി തെരച്ചില്‍ ഊര്ജ്ജിതമാക്കയിട്ടുണ്ട്.