| Sunday, 16th April 2023, 9:18 pm

പതിനാറുകാരന്റെ പിറന്നാള്‍ ആഘോഷത്തിനിടയില്‍ അമേരിക്കയില്‍ വെടിവെപ്പ്; നാല് പേര്‍ മരിച്ചു; ഇരുപതിലധികം പേര്‍ക്ക് വെടിയേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. അലബാമയില്‍ നടന്ന വെടിവെപ്പില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ 20 പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. അലബാമയിലെ ഡാഡെവില്ലിലെ ഒരു ഡാന്‍സ് സ്റ്റുഡിയോയില്‍ നടന്ന പതിനാറുകാരന്റെ പിറന്നാള്‍ പാര്‍ട്ടിക്കിടയിലാണ് വെടിവെപ്പ് നടന്നതെന്ന് ഡബ്ല്യു.ആര്‍.ബി.എല്‍.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയോട് കൂടിയാണ് വെടിവെപ്പ് നടന്നതെന്ന് അലബാമ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പിന്റെ കാരണമറിയില്ലെന്നും ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്നും അറിയില്ലെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം അലബാമിയക്കാരുടെ ദുഖത്തിനൊപ്പം പങ്കുചേരുന്നുവെന്ന് ഗവര്‍ണര്‍ കേ ഐവി പറഞ്ഞു. അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ക്ക് അലബാമയില്‍ സ്ഥാനമില്ലെന്നും വിശദാംശങ്ങള്‍ കൃത്യമായി തന്നെ എല്ലാവരെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ചെറുമകന്റെ പിറന്നാള്‍ ആഘോഷത്തിലാണ് വെടിവെപ്പ് നടന്നതെന്ന് അന്നേറ്റ് അലന്‍ എന്നയാള്‍ പറഞ്ഞതായി എന്‍.പി.ആര്‍ റിപ്പോര്‍ട്ട് ചെയ്തു.

‘കുറച്ച് പേര്‍ മാത്രമേ പാര്‍ട്ടിക്ക് ഉണ്ടായിരുന്നു. എല്ലാവരും നന്നായി പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ഗണ്‍ വയലന്‍സ് ആര്‍ക്കൈവിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം ഉതുവരെ യു.എസില്‍ 163 വെടിവെപ്പ് നടന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കെയിലെ ലൂയിസ വില്ലിലെ ബാങ്കിന് നേരെ വെടിവെപ്പ് നടക്കുകയും അഞ്ച് പേര്‍ മരണപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ രാജ്യത്ത് നടക്കുന്ന വെടിവെപ്പുകളും കൂട്ടക്കൊലപാതകങ്ങളും തോക്കുമായി ബന്ധപ്പെട്ട പ്രശ്നമല്ലെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യാനപൊലീസിലെ നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

രാജ്യത്ത് നടക്കുന്ന വെടിവെപ്പുകളുടെ കാരണം തോക്കുകളുമായി ബന്ധപ്പെട്ടത് മാത്രമല്ലെന്നും മറിച്ച് മാനസികാരോഗ്യപരവും ആത്മീയവും കൂടിയാണെന്നുമാണ് ട്രംപ് പറഞ്ഞത്.

‘എന്നാല്‍ 2000 വരെയും സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള വെടിവെപ്പുകളോ കൂട്ടക്കൊലകളോ അത്ര കണ്ട് നടന്നിട്ടുണ്ടായിരുന്നില്ല. ഇത് തോക്കുമായി ബന്ധപ്പെട്ട ഒരു പ്രശ്നമല്ല, മാനസികാരോഗ്യത്തിന്റെ പ്രശ്നമാണ്, ഇതൊരു സാമൂഹ്യ പ്രശ്നമാണ്, ഇതൊരു സാംസ്‌കാരിക പ്രശ്നമാണ്, ഇതൊരു ആത്മീയ പ്രശ്നമാണ്,’ ട്രംപ് പറഞ്ഞു.

content highlight: 16-year-old’s birthday party shot in America; Four died; More than twenty people were shot

We use cookies to give you the best possible experience. Learn more