ഹൈദരാബാദ്: വിലക്കുകള്‍ മറികടന്ന് ഉസ്മാനിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തി. ക്യാമ്പസില്‍ കര്‍ശനമായ വിലക്കുകളേര്‍പ്പെടുത്തി പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സര്‍വ്വകലാശാല ഹോസ്റ്റലുകളില്‍ വെച്ചാണ് വിദ്യാര്‍ത്ഥികള്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയത്. ബിഹോസ്റ്റല്‍,യമുന,എന്‍ആര്‍എസ് തുടങ്ങിയ ഹോസ്റ്റലുകളിലുമാണ് ബീഫ് ഫെസ്റ്റ് നടത്തിയത്.
അതേസമയം സര്‍വ്വകലാശാല ക്യാമ്പസില്‍ ഇന്ന് ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ പദ്ധതിയിട്ട 16 വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബീഫ് ഫെസ്റ്റിവലിനെതിരെ ഗോ സംരക്ഷണദിനം നടത്താന്‍ പദ്ധതിയിട്ട ബി.ജെ.പി എം.എല്‍.എ രാജാസിങ്ങിനെ വര്‍ഗ്ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് വീട്ടുതടങ്കലിലാക്കിയിട്ടുമുണ്ട്.
ബീഫ് ഫെസ്റ്റിവലിനെതിരെ പ്രതിഷേധറാലി സംഘടിപ്പിക്കാനും രാജാസിങ്ങിന് പദ്ധതിയുണ്ടായിരുന്നു. കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോള്‍ സര്‍വ്വകലാശാലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍വ്വകലാശാലയില്‍ പോലീസ് തമ്പടിച്ചിരിക്കുകയാണ്. അതേസമയം മറ്റൊരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയില്‍ പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്താനും പദ്ധതിയിട്ടിരുന്നു.
ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതിനെതിരെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരും ഹിന്ദു ധര്‍മ സേനയും രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് ഹോസ്റ്റലില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ബീഫ് കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ വാട്‌സ്ആപ്പിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചത്.
ചൊവ്വാഴ്ച്ചയാണ് ഉസ്മാനിയ സര്‍വ്വകലാശാലയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നത് സ്റ്റേ ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടത്. വിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇത് സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചതോടെയാണ് വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തതെന്നും ക്രമസമാധാനം പ്രശ്‌നങ്ങളൊഴിവാക്കാനായി മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഗോഷാമഹല്‍ എം.എല്‍.എ ടി രാജ സിങിനെ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.