ന്യൂദല്‍ഹി: ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലക്ക് നേരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ കടന്നുകയറ്റത്തില്‍ പ്രതിഷേധം അറിയിച്ച് 16 വിദ്യാര്‍ത്ഥി സംഘടനകളുടെ ഐക്യ മുന്നണി. ‘യുണൈറ്റഡ് സ്റ്റുഡന്റസ് ഓഫ് ഇന്ത്യ’ എന്ന പേരിലുള്ള വിദ്യാര്‍ത്ഥി മുന്നണി രാജ്യത്തുടനീളം വ്യാപക പ്രതിഷേധം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ആര്‍.എസ്.എസ് പിന്തുണയുള്ള കേന്ദ്ര സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കുകയും വിദ്യാഭ്യാസത്തിന്റെ ഭരണഘടനാപരമായ കാഴ്ചപ്പാടിന് വിരുദ്ധമായി വര്‍ഗീയതും മറ്റും വിളമ്പുന്നുവെന്ന് വിദ്യാര്‍ത്ഥി മുന്നണി പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ നിന്ന് രാജ്യത്തിന്റെ ‘ഇന്ത്യ’ എന്ന പേര് പോലും നീക്കം ചെയ്യാനുള്ള ശ്രമവും പദ്ധതികളും തുടങ്ങി വെച്ചുവെന്ന് മുന്നണി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലക്കും ജനാധിപത്യ, മതേതര, പുരോഗമന മൂല്യങ്ങള്‍ക്കുമെതിരെയുള്ള സംഘപരിവാര്‍ ആക്രമണം വരും കാലങ്ങളില്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തനം കൂട്ടേണ്ടതുണ്ടെന്ന് മുന്നണി വ്യക്തമാക്കി.
വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനത നേരിടാന്‍ പോവുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടനയായ ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സര്‍ക്കാരിനെയാണ്. ആ ഫാസിസ്റ്റ് സംഘടന 100 വാര്‍ഷികം ആഘോഷിക്കാന്‍ പോവുന്ന സാഹചര്യത്തില്‍ ദേശീയ തലത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടത്താന്‍ തീരുമാനിച്ചതായി വിദ്യാര്‍ത്ഥി മുന്നണി അറിയിച്ചു.
മുന്നണി യോഗത്തില്‍ ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കണമെന്നും ദേശീയ വിദ്യാഭ്യാസ നയം നിരസിക്കണമെന്നും തീരുമാനിച്ചതായി നേതാക്കള്‍ വ്യക്തമാക്കി. ‘ഇന്ത്യയെ രക്ഷിക്കൂ, ബി.ജെ.പിയെ തള്ളിക്കളയൂ’ എന്ന മുദ്രാവാക്യം ഉയത്തിപ്പിടിച്ച് രാജ്യ വ്യാപകമായ പ്രചരണങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
ഇന്ത്യന്‍ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ സംരക്ഷിക്കാനായി വിദ്യാര്‍ത്ഥി മുന്നണി ഒന്നിലധികം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു.
ദേശീയ വിദ്യാഭ്യാസ നയം നിരസിക്കുക, ഭഗത് സിങ് ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുക, എല്ലാവര്‍ക്കും വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കുക, ഫീസ് വര്‍ധന തടയുക, സ്വകാര്യ മേഖലയില്‍ സംവരണ നയം നടപ്പിലാക്കുക, തൊഴില്‍ മേഖലയില്‍ പട്ടികജാതി, പട്ടിക വര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, വര്‍ഗീയവല്‍ക്കരണത്തെ തടയുക,
ജാതിയുടെയും സമ്പത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം അവസാനിപ്പിക്കുക, സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമുളള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായ സമിതികള്‍ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രൂപീകരിക്കുക എന്നിങ്ങനെയാണ് മുന്നണിയുടെ നിര്‍ദേശങ്ങള്‍.
എ.ഐ.എസ്.എഫ്, എന്‍.എസ്.യു.ഐ, എസ്.എഫ്.ഐ, ഗോത്ര വിദ്യാര്‍ത്ഥി യൂണിയന്‍, ഡി.എം.കെ സ്റ്റുഡന്റ് വിങ്, ദ്രവിഡിയന്‍ സ്റ്റുഡന്റ് ഫെഡറേഷന്‍ എന്നിങ്ങനെയുള്ള 16 സംഘടനകള്‍ ഉള്‍പ്പെടുന്നതാണ് യുണൈറ്റഡ് സ്റ്റുഡന്റസ് ഓഫ് ഇന്ത്യ.
2024 ജനുവരി 12ന് ദല്‍ഹിയില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്താനും ഫെബ്രുവരി ഒന്നിന് ചെന്നൈയില്‍ സംയുക്ത വിദ്യാര്‍ത്ഥി സംഘടനകളുടെ റാലി നടത്താനും മുന്നണി തീരുമാനിച്ചിട്ടുണ്ട്.
Content Highlight: 16 student organizations against central government’s educational policy and actions