ന്യൂദല്‍ഹി: രാഷ്ട്രപതിയായി വ്യാഴാഴ്ച പ്രണബ് മുഖര്‍ജി ചുമതലയേല്‍ക്കുമ്പോള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത് 2001 ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റേതുള്‍പ്പെടെ 16 ദയാഹരജികള്‍.[]
മുന്‍ രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ തന്റെ കാലയളവില്‍ 21 കേസുകളിലായി 39 ദയാഹരജികളിലാണ് തീരുമാനമെടുത്തത്. 11 കേസുകള്‍ അവര്‍ തീര്‍പ്പുകല്‍പ്പിക്കാനായി മാറ്റിവെയ്ക്കുകയായിരുന്നു.
മുന്‍ഗണനാക്രമമനുസരിച്ചല്ല ഇവയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതെന്ന് വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയില്‍ രാഷ്ട്രപതിഭവനും ആഭ്യന്തരമന്ത്രാലയവും വ്യക്തമാക്കുന്നു. അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജി ലഭിക്കുന്നത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് നാലിനാണ്. എന്നാല്‍ ഇതിന് ശേഷം ലഭിച്ച 13 ദയാഹരജികളില്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട്.
ഭീകരാക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട പഞ്ചാബിലെ ദേവീന്ദര്‍ പാല്‍ സിങ് ബുല്ലാര്‍, കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട അസമിലെ മഹേന്ദ്രനാഥ് ദാസ്, രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ദയാഹരജികള്‍ പ്രതിഭാ പാട്ടീല്‍ തള്ളുകയായിരുന്നു.