| Friday, 29th June 2012, 10:14 am

ഛത്തീസ്ഗഢില്‍ 16 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍ : ഛത്തീസ്ഗഡില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 16 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബീജാപൂര്‍ ജില്ലയിലെ ബലുഗുഡയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മാവോയിസ്റ്റുകള്‍ക്ക് ഏറെ സ്വാധീനമുള്ള മേഖലയാണ് ബലുഗുഡ. നിരവധി ആയുധങ്ങളും ബോംബുകളും സൈന്യം കണ്ടെടുത്തതായും സൈന്യം അറിയിച്ചു.

ഏറ്റുമുട്ടലില്‍ 6 സൈനികര്‍ക്ക് പരിക്കേറ്റതായും ഇവരെ റായ്പൂരിലെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെന്നുമാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിച്ചിരിക്കുന്ന വിവരം.

ബലഗുഡയിലെ വനമേഖലയില്‍ ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും രണ്ട് മാവോയിസ്റ്റുകളെ പിടികൂടിയതായും മുതിര്‍ന്ന സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ ഇതാദ്യമായാണ് ഇത്രയധികം മൃതശരീരം സൈന്യം കണ്ടെടുക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്നലെ ഏറ്റുമുട്ടല്‍ നടന്ന ബലഗുഡയ്ക്ക് സമീപത്തു വെച്ചാണ് 2010 ഏപ്രിലില്‍ 75 സി.ആര്‍.പി.എഫ് ജവാന്മാരെ മാവോയിസ്റ്റുകള്‍ വധിച്ചത്.


We use cookies to give you the best possible experience. Learn more