| Saturday, 22nd February 2020, 8:08 pm

യോഗിയുടെ ഉത്തര്‍പ്രദേശില്‍ കെജ്‌രിവാള്‍ മോഡല്‍ വികസനം ഫലം കാണുന്നു; ആംആദ്മിയില്‍ ചേര്‍ന്നത് ഒരു ലക്ഷത്തിഎണ്‍പതിനായിരം പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആംആദ്മി പാര്‍ട്ടിയില്‍ പുതുതായി 16 ലക്ഷം പേര്‍ ചേര്‍ന്നതായി പാര്‍ട്ടി മുതിര്‍ന്ന നേതാവ് ഗോപാല്‍ റായ്. പാര്‍ട്ടിയിലെ അംഗബലം കൂട്ടുന്നതിനായ് ആരംഭിച്ച ‘രാഷ്ട്ര നിര്‍മ്മാണം’ പരിപാടിയിലുടെയാണ് പുതിയ ആളുകളുടെ പ്രവേശനം.

തെരഞ്ഞെടുപ്പിന് പിന്നാലെ ഫെബ്രുവരി 11 നായിരുന്നു പാര്‍ട്ടി മിസ്ഡ് കോള്‍ ക്യാംമ്പയിന്‍ ആരംഭിച്ചത്. ഇതിലൂടെ ദല്‍ഹിയില്‍ നിന്നും 1,72269 പേരും ഉത്തര്‍പ്രദേശില്‍ നിന്നും 1,81,212 പേരും പാര്‍ട്ടിയില്‍ ചേര്‍ന്നതായി ഗോപാല്‍ റായ് പറഞ്ഞു. ഞായറാഴ്ച്ച പാര്‍ട്ടി 20 സംസ്ഥാനങ്ങളിലായി മെഗാ കാമ്പയിന്‍ ആരംഭിക്കുമെന്നും ഗോപാല്‍ റായ് വ്യക്തമാക്കി.

ഇതിനായി വിവിധാ സംസ്ഥാനങ്ങളിലായി വിവിധ ഭാഷകളില്‍ പോസ്റ്ററുകള്‍ സ്ഥാപിക്കുമെന്നും അത് വഴി ജനങ്ങള്‍ക്ക് തദ്ദേശീയ ഭാഷയിലൂടെ കാര്യങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുമെന്നും ഗോപാല്‍ റായ് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തകരുടെ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നന്നും പാര്‍ട്ടിയുടെ പ്രചരണത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ കോഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദല്‍ഹിയിലെ വിജയത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ആംആദ്മി പാര്‍ട്ടി നേരത്തെ തീരുമാനിച്ചിരുന്നു.

കെജ്രിവാള്‍ മോഡല്‍ വികസനത്തെ കുറിച്ച് ഉത്തര്‍പ്രദേശില്‍ സംസാരിക്കുന്നതിനും 403 നിയമസഭ മണ്ഡലങ്ങളിലും പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനുമാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ആംആദ്മി പാര്‍ട്ടി നേതാവും എം.പിയുമായ സഞ്ജയ് സിങ് വ്യക്തമാക്കിയിരുന്നു.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 ല്‍ 63 സീറ്റും നേടി വ്യക്തമായ മുന്‍തൂക്കത്തോടെയാണ് ആംആദാമി പാര്‍ട്ടി രണ്ടാമതും അധികാരത്തിലെത്തിയത്. പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ രണ്ടാമതും ദല്‍ഹിയില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more