ബെംഗളൂരു: സുപ്രീംകോടതി അയോഗ്യത ശരിവെച്ച കര്‍ണാടകത്തിലെ 17 എം.എല്‍.എമാരില്‍ 16 പേരും ഇന്ന് ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേരും. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട റോഷന്‍ ബെയ്ഗിന്റെ പേര് ബി.ജെ.പി ഇറക്കിയ പട്ടികയിലില്ല.
റോഷന്‍ ബെയ്ഗും റുമാന്‍ ബെയ്ഗും ബി.ജെ.പിയില്‍ ചേരുമെന്നു തന്നെയാണ് ഇപ്പോഴും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നതെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബെംഗളൂരുവിലെ പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ പത്തരയോടെ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിപ്രവേശം.
ഡിസംബര്‍ അഞ്ചിന് 15 മണ്ഡലങ്ങളിലേക്കു നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇവരെ ബി.ജെ.പി മത്സരിപ്പിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ബി.ജെ.പി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. തിങ്കളാഴ്ച വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള കാലാവധി. ഡിസംബര്‍ ഒമ്പതിനാണ് വോട്ടെണ്ണല്‍.
ജസ്റ്റിസുമാരായ എന്‍.വി രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചായിരുന്നു എം.എല്‍.എമാരുടെ അയോഗ്യതാ നടപടി ശരിവെച്ചത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ എം.എല്‍.എമാര്‍ക്ക് മത്സരിക്കാമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
ജൂലൈയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായിട്ടായിരുന്നു കൂറുമാറിയ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിലെ 17 എം.എല്‍.എമാരെയും സ്പീക്കര്‍ അയോഗ്യരാക്കിയത്. ഈ നടപടിയാണ് സുപ്രീംകോടതി ശരിവെച്ചത്.
ഹരജിയില്‍ ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. വിധി വരാനുള്ള സാഹചര്യത്തില്‍ കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നേരത്തെ മാറ്റിവെച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എം.എല്‍.എമാരെ ചാക്കിലാക്കാന്‍ അമിത്ഷായുടെ പിന്തുണയുണ്ടെന്ന് പറയുന്ന യെദ്യൂരപ്പയുടേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദ സന്ദേശവും കര്‍ണാടക കോണ്‍ഗ്രസ് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അത് തങ്ങള്‍ പരിഗണിച്ചിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.
വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജിവെക്കുകയും ബി.ജെ.പി വീണ്ടും അധികാരത്തിലേറുകയുമായിരുന്നു.