| Thursday, 18th October 2018, 8:23 pm

ശബരിമലയിലെ സംഘര്‍ഷം: 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 45 പേര്‍ റിമാന്‍ഡില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിലയ്ക്കലിലും പമ്പയിലും ശബരിമലയിലും ഇന്നലെയും ഇന്നുമായി ഉണ്ടായ സംഘര്‍ഷങ്ങളില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 15 കേസുകള്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ്. 45 പേരെ ഇതുവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

അതേസമയം, നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലില്‍ പ്രകടനം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പുകള്‍ പ്രകാരം മാത്രമാണ് കേസുകളെടുത്തിരിക്കുന്നത്.

മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന പോസ്റ്റുകള്‍ കൈമാറിയവര്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലും കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിലും സന്ദേശങ്ങള്‍ കൈമാറുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

അതേസമയം, ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഹിന്ദു സേനാ നേതാവ് പ്രതീഷ് വിശ്വനാഥിനെ പൊലീസ് റിമാന്‍ഡ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഇന്നലെ വൈകീട്ടാണ് പ്രതീഷിനെ പമ്പ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

തുടര്‍ന്ന് പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതീഷ് വിശ്വനാഥിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്യുകയായിരുന്നു. ശബരിമലയില്‍ സന്ദര്‍ശനത്തിനെത്തിയ ആന്ധ്രാസ്വദേശിനി മാധവിയെയും കുടുംബത്തെയും പ്രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞിരുന്നു. ഇവരെ തടയാനെത്തിയ പൊലീസിനെ പ്രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചിരുന്നു.

We use cookies to give you the best possible experience. Learn more