നോട്ട് നിരോധനം, ജി.എസ്.ടി, കൊവിഡ് 19; ഇന്ത്യയിൽ ഏഴ് വർഷത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടത് ദശലക്ഷങ്ങൾക്കെന്ന് സർക്കാർ കണക്ക്
national news
നോട്ട് നിരോധനം, ജി.എസ്.ടി, കൊവിഡ് 19; ഇന്ത്യയിൽ ഏഴ് വർഷത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടത് ദശലക്ഷങ്ങൾക്കെന്ന് സർക്കാർ കണക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th July 2024, 8:29 am

ന്യൂദൽഹി: ഏഴ് വർഷത്തിനിടെ അസംഘടിത മേഖലയിൽ മാത്രം 16.45 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായതായി കേന്ദ്രസർക്കാർ കണക്ക്. കേന്ദ്ര സ്ഥിതി വിവര കണക്ക് മന്ത്രാലയം പുറത്തിറക്കിയ വാർഷിക സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചെറുകിട ബിസിനസുകൾ, കച്ചവടങ്ങൾ, തെരുവോര കച്ചവടം തുടങ്ങിയ മേഖലകളിലാണ് കൂടുതൽ നഷ്ടങ്ങൾ സംഭവിച്ചത്.

2015-16ൽ അസംഘടിത മേഖലയിൽ തൊഴിലെടുത്തവരുടെ എണ്ണം 11.13 കോടിയായിരുന്നു. 2022-23ൽ ഇത്‌ 10.96 കോടിയായി. തൊഴിലാളികളുടെ എണ്ണത്തിൽ ഏഴുവർഷത്തിനിടെ ഒന്നര ശതമാനത്തിന്റെ ഇടിവുണ്ടായി.

2015-16 ന്‌ ശേഷം ആദ്യമായാണ്‌ സ്ഥിതിവിവര മന്ത്രാലയം അസംഘടിത മേഖലയിലെ തൊഴിൽ കണക്ക്‌ പുറത്തുവിടുന്നത്‌. 2016 നവംബറിലെ നോട്ടുനിരോധനവും 2017 ജൂലൈയിൽ അടിച്ചേൽപ്പിച്ച ജി.എസ്‌.ടിയും 2020-21 കാലയളവിലെ കൊവിഡ്‌ അടച്ചുപൂട്ടലും അസംഘടിത മേഖലയെ ഗുരുതരമായി ബാധിച്ചെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു.

നോട്ട് നിരോധനം, കൊവിഡ് പ്രതിസന്ധി, ചരക്കുസേവന നികുതി പരിഷ്‌കരണം എന്നിവയാണ് ഇത്രയധികം പേർക്ക് തൊഴിൽ നഷ്ടമാകാനുള്ള കാരണമായി പ്രധാനമായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

തൊഴിൽ നഷ്ടത്തിൽ പഞ്ചിമ ബംഗാളാണ് മുന്നിൽ. 30 ലക്ഷം പേർക്ക് അവിടെ ജോലി നഷ്ടമായി. 2015-16ൽ 1.36 കോടിയായിരുന്ന തൊഴിലാളികൾ 2022-23ൽ 1.05 കോടിയായി കുറഞ്ഞു. 31 ലക്ഷം തൊഴിലാളികളുടെ എണ്ണത്തിലാണ് കുറവ് വന്നത്.

കർണാടകയിൽ 13ലക്ഷം പേർക്കും തമിഴ്‌നാട്ടിൽ 12 ലക്ഷം പേർക്കും ഉത്തർപ്രദേശിൽ 7.91 ലക്ഷം പേർക്കും ജോലിനഷ്ടമുണ്ടായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കേരളത്തിൽ 6.40 ലക്ഷം പേർക്ക് കഴിഞ്ഞ ഏഴുവർഷത്തിനിടെ തൊഴിൽ നഷ്ടമായെന്നും റിപ്പോർട്ടിൽ പറയുന്നു.

കേന്ദ്രഭരണ പ്രദേശങ്ങളിൽ ദൽഹിയിലാണ് ഏറ്റവുമധികം പേർക്ക് തൊഴിൽ നഷ്ടമായത്. മൂന്ന് ലക്ഷം പേർക്ക് ദൽഹിയിൽ തൊഴിൽ നഷ്ടമുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. 2015-2016 വർഷത്തിൽ 1.6 ശതമാനമായിരുന്നു തൊഴിൽരഹിതരുടെ കണക്കെങ്കിൽ 2022-2023 എത്തിയപ്പോഴേക്കും തൊഴിൽരഹിതരുടെ എണ്ണം 10.96 ശതമാനത്തിലേക്ക് എത്തിയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അതേസമയം മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, രാജസ്ഥാൻ എന്നിവടങ്ങളിൽ ജോലിവർധനയുമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. മഹാരാഷ്ട്രയിൽ 24 ലക്ഷം, ഗുജറാത്തിൽ 7.62 ലക്ഷം, ഒഡീഷയിൽ 7.61 ലക്ഷം, രാജസ്ഥാൻ 7.65 ലക്ഷം എന്നിങ്ങനെ തൊഴിൽവർധന ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Also Read: ചന്ദ്രമുഖി2; ഒരു മുദ്ര പോലും ആ കുട്ടിക്ക് അന്ന് അറിയില്ലായിരുന്നു; കങ്കണയെ കുറിച്ച് കലാ മാസ്റ്റര്‍

Content Highlight: 16.45 lakh people lost their jobs in seven years