| Wednesday, 7th December 2016, 11:33 am

അംബേദ്ക്കര്‍ ദിനത്തില്‍ ഗുജറാത്തിലെ പാലന്‍പൂരില്‍ ബുദ്ധമതം സ്വീകരിച്ചത് 155 ദളിതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

 ഗുജറാത്തിലെ ദളിത് വിഭാഗമായ തങ്ങള്‍ നേരിടുന്നത് വലിയ അസമത്വവും അവഗണനുമാണെന്നും ഇതില്‍ നിന്നും തങ്ങള്‍ക്ക് മോചനം വേണ്ടതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും സംഘാടകനായ ദല്‍പാത് ഭായ് ഭാട്ടിയ പറഞ്ഞു.


ഗുജറാത്ത്:  ഡോ. ബി.ആര്‍ അംബേദ്ക്കര്‍ ദിനമായ ഇന്നലെ ഗുജറാത്തില്‍ ബുദ്ധമതം സ്വീകരിച്ചത് 155 ദളിതര്‍. മഹാപരിവര്‍ത്തന്‍ ദിവസ് ആയാണ് അംബേദ്ക്കര്‍ ദിനം ഇവര്‍ കൊണ്ടാടിയത്. അതേസമയം ബുദ്ധമതം സ്വീകരിക്കാനുള്ള ദളിതരുടെ തീരുമാനത്തിന് ജില്ലാ അഡ്മിനിസ്‌ട്രേഷന്റെ അനുമതി കൊടുത്തിട്ടില്ലെന്ന് ബാനസ്‌കന്ത ജില്ലാ കളക്ടര്‍ പറഞ്ഞു.

ബാനസ്‌കന്തയില്‍ നിന്നും കച്ച് ജില്ലയില്‍ നിന്നുമുള്ള 155 ദളിതരാണ് ബുദ്ധമതം സ്വീകരിച്ചത്. രാമാപിര്‍ ക്ഷേത്രത്തില്‍വെച്ച് നടന്ന ചടങ്ങ് സംഘടിപ്പിച്ചത് ബനസ്‌കന്ത ജില്ലാ ദളിത് സംഗതന്‍ ആണ്.

ഉനയിലെ ദളിത് ആക്രണത്തിന് പിന്നാലെയാണ് ബുദ്ധമതം സ്വീകരിക്കാനുള്ള തീരുമാനത്തിലേക്ക് ഗുജറാത്തിലെ ദളിതര്‍ എത്തിച്ചേര്‍ന്നത്. ഗുജറാത്തിലെ ദളിത് വിഭാഗമായ തങ്ങള്‍ നേരിടുന്നത് വലിയ അസമത്വവും അവഗണനുമാണെന്നും ഇതില്‍ നിന്നും തങ്ങള്‍ക്ക് മോചനം വേണ്ടതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും സംഘാടകനായ ദല്‍പാത് ഭായ് ഭാട്ടിയ പറഞ്ഞു.

ഉന സംഭവത്തിന് ശേഷം 191 ദളിതര്‍ ബുദ്ധമതം സ്വീകരിക്കുകയാണെന്ന തീരുമാനം എടുക്കുകായിരുന്നു. ഇക്കാര്യം ജില്ലാ അഡ്മിനിസ്‌ട്രേഷന് മുന്നില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്നലെ 155 ദളിതരാണ് ബുദ്ധമതം സ്വീകരിച്ചത്. പോര്‍ബന്തറില്‍ നിന്നും എത്തിയ ബുദ്ധമതസന്യാസിയുടെ കാര്‍മികത്വത്തിലാണ് ചടങ്ങ് നടത്തിയതെന്നും ഭാട്ടിയ പറഞ്ഞു. എല്ലാവര്‍ഷവും മഹാപരിവര്‍ത്തന്‍ ദിവസ് ആചരിക്കുമെന്നും ഇദ്ദേഹം പറയുന്നു.


ഞങ്ങള്‍ ദളിതരായതുകൊണ്ട് തന്നെ ഹിന്ദുക്കള്‍ അവരുടെ ക്ഷേത്രങ്ങളില്‍ കയറാനോ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാനോ ഞങ്ങളെ അനുവദിക്കുന്നില്ല. പൊതുകിണറില്‍ നിന്നും വെള്ളമെടുക്കാന്‍ പോലും ഞങ്ങള്‍ക്ക് കഴിയുന്നില്ല. ഹിന്ദു ആയിരുന്നിട്ടുകൂടി ഞങ്ങള്‍ക്ക് അതിന് കഴിയുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഞങ്ങള്‍ എത്തിയത്. – ബുദ്ധമതം സ്വീകരിച്ച അമൃത് വാത്മീകി പറയുന്നു. ഇദ്ദേഹത്തിന്റെ മൂന്ന് കുട്ടികളും ബുദ്ധമതം സ്വീകരിച്ചിട്ടുണ്ട്.

അതേസമയം ഇത്തരമൊരു ചടങ്ങിനുള്ള അനുവാദം ജില്ലാഭരണസമിതി നല്‍കിയിട്ടില്ലെന്ന് കളക്ടര്‍ ജേനുദേവന്‍ പറഞ്ഞു. ചടങ്ങ് നടത്താന്‍ അനുമതി തേടി അവര്‍ അപേക്ഷ തന്നിരുന്നു. എന്നാല്‍ ആ അപേക്ഷ അന്ന് തന്നെ നിരാകരിച്ചതാണ്. പിന്നെ എങ്ങനെ അവര്‍ ചടങ്ങ് നടത്തി എന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.


ഒക്ടോബറിലെ വിജയദശമി ദിനത്തില്‍ ഗുജറാത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 300 ഓളം ദളിതര്‍ ബുദ്ധമതം സ്വീകരിച്ചിരുന്നു. ഉന സംഭവമായിരുന്നു ഇതിന് അവര്‍ക്ക് പ്രചോദനമായത്. പശുവിനെ കൊന്ന് തൊലിയുരിച്ചെന്നാരോപിച്ച് ഗുജറാത്തിലെ ഉനയില്‍ ദളിതരെ വാഹനത്തില്‍കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം രാജ്യമെമ്പാടും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

We use cookies to give you the best possible experience. Learn more