| Tuesday, 15th October 2024, 5:29 pm

തായ്‌വാന്‍ അതിര്‍ത്തിക്ക് ചുറ്റും 153 ചൈനീസ് സൈനികവിമാനങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്: തായ്‌വാന്‍ വ്യോമാതിര്‍ത്തിക്ക് ചുറ്റും 153 ചൈനീസ് സൈനിക വിമാനങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, യുദ്ധകപ്പലുകള്‍, കോസ്റ്റ് ഗാര്‍ഡ് ബോട്ടുകള്‍ എന്നിവ ഉപയോഗിച്ചുള്ള ചൈനയുടെ സൈനികാഭ്യാസങ്ങളെ തുടര്‍ന്നാണ് വിമാനങ്ങള്‍ കണ്ടതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

153ഓളം വിമാനങ്ങളെ അതിര്‍ത്തിയില്‍ കണ്ടതിനെ തുടര്‍ന്ന് തായ്‌വാന്‍ പ്രതിരോധമന്ത്രാലയം അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ചൈനയുടെ സൈനികാഭ്യാസങ്ങള്‍ തായ്‌വാന്‍ പ്രദേശത്തുടനീളം ഭീതി ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതിര്‍ത്തിയില്‍ കണ്ടെത്തിയ വിമാനങ്ങളില്‍ 111 എണ്ണവും തായ്‌വാന്‍ കടലിടുക്കിന്റെ മീഡിയന്‍ ലൈന്‍ കടന്നുവെന്നും അധികൃതര്‍ അറിയിച്ചു.

തായ്‌പേയ്ക്കും ബെയ്ജിങിനും ഇടയില്‍ നിരന്തരസംഘര്‍ഷം ഉയരുന്ന സാഹചര്യത്തില്‍ ചൈനീസ് സൈന്യത്തിന്റെ അഭ്യാസ പ്രകടനങ്ങള്‍ കാരണം തായ്‌വാന്‍ ഭരണകൂടം അതീവ ജാഗ്രതയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തായ്‌വാന്‍ പ്രതിരോധ സേനയെ വിന്യസിക്കുമെന്നും ജാഗ്രത പുലര്‍ത്തുമെന്നുമാണ് വിഷയത്തെ സംബന്ധിച്ച് തായ്‌വാന്‍ ഭരണകൂടം പ്രതികരിച്ചത്.

എന്നാല്‍ വിഷയത്തില്‍ അമേരിക്കയും ജപ്പാനും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ആശങ്കകള്‍ ബെയ്ജിങിനെ അറിയിച്ചതായി ജപ്പാന്‍ ഡെപ്യൂട്ടി ചീഫ് കാബിനറ്റ് സെക്രട്ടറി കസുഹിക്കോ ഓക്കി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

തായ്‌വാനെ ബെയ്ജിങിന്റെ ഭാഗമായി കണക്കാക്കുന്നുവെന്നും ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുന്നത് തള്ളിക്കളയില്ലെന്നും സൈനികാഭ്യാസങ്ങള്‍ മുന്നറിയിപ്പുകളാണെന്നുമാണ് ചൈന പ്രതികരിച്ചത്.

എന്നാല്‍ തായ്‌വാന്‍ പ്രസിഡന്റ് വില്യം ലായ് ചിംഗെയ് നടത്തിയ പ്രസ്താവനകള്‍ ചൈനയെ ചൊടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തായ്‌വാനെ പ്രതിനിധീകരിക്കാന്‍ ചൈനയ്ക്ക് അവകാശമില്ലെന്നും സൈനിക ശക്തികളെ ചെറുക്കുമെന്നും ലായ് പറഞ്ഞിരുന്നു.

Content Highlight: 153 Chinese military aircraft have been spotted around the Taiwan border

We use cookies to give you the best possible experience. Learn more