|

കമലദളത്തിലെ തെറ്റുകണ്ടുപിടിച്ചപ്പോള്‍ പോസ്റ്റര്‍ മുഴുവനും നീക്കാന്‍ ലാലേട്ടന്‍ നിര്‍ദേശം കൊടുത്തു: വിന്ദുജ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റെ പ്രകടനത്തിലൂടെ വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയ ചിത്രമാണ് പവിത്രം. ടി. കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍, ശോഭന, തിലകന്‍, കെ.പി.എ.സി. ലളിത, നെടുമുടി വേണു, വിന്ദുജ മേനോന്‍, ശ്രീനിവാസന്‍ തുടങ്ങിയ വമ്പന്‍ താരനിര ഒന്നിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിലൂടെ വിന്ദുജ ഏറെ ശ്രദ്ധ നേടിയിരുന്നു. വിന്ദുജ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്.

പവിത്രം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് വിന്ദുജ. പ്രീഡിഗ്രിക്ക് ചേരാനിരിക്കുന്ന സമയത്താണ് സംവിധായകന്‍ പവിത്രം എന്ന ചിത്രത്തിലേക്ക് വിളിക്കുന്നതെന്നും പവിത്രത്തിന് മുമ്പ് കമലദളത്തില്‍ മോനിഷ ചെയ്ത കഥാപാത്രത്തിലേക്കും വിളിച്ചിരുന്നതാണെന്നും വിന്ദുജ പറയുന്നു.

എന്നാല്‍ കമലദളത്തിലെ വേഷം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും പവിത്രത്തിന്റെ സെറ്റിലെത്തിയപ്പോള്‍ മോഹന്‍ലാല്‍ ആദ്യം ചോദിച്ചത് കമലദളത്തില്‍ അഭിനയിക്കാത്തതിനെക്കുറിച്ചാണെന്നും വിന്ദുജ പറഞ്ഞു. കമലദളത്തിന്റെ റിലീസ് അടുത്ത സമയമായിരുന്നു അതെന്നും നഗരം മുഴുവന്‍ ആ ചിത്രത്തിന്റെ പോസ്റ്റര്‍ ആയിരുന്നുവെന്നും എന്നാല്‍ പോസ്റ്ററില്‍ മോഹന്‍ലാല്‍ പിടിച്ച മുദ്ര തെറ്റാണെന്ന് താന്‍ പറഞ്ഞെന്നും നടി കൂട്ടിച്ചേര്‍ത്തു.

അപ്പോള്‍ മോഹന്‍ലാല്‍ തന്നെയും കൂട്ടി തെറ്റായ പോസ്റ്റര്‍ ഒട്ടിച്ച സ്ഥലത്തേക്ക് പോയെന്നും ആ പോസ്റ്ററുകള്‍ മുഴുവന്‍ നീക്കം ചെയ്യാന്‍ അദ്ദേഹം നിര്‍ദേശം കൊടുത്തെന്നും വിന്ദുജ പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിന്ദുജ മേനോന്‍.

‘1993ല്‍ ഞാന്‍ പ്രീഡിഗ്രിക്ക് ചേരാനിരിക്കുന്ന സമയത്താണ് രാജിവേട്ടന്‍ ‘പവിത്രം’ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. പവിത്രത്തിന് മുമ്പ് കമലദളത്തില്‍ മോനിഷ ചെയ്ത കഥാപാത്രത്തിലേക്ക് വിളിച്ചതാണ്. പരീക്ഷകാരണം ആ വേഷം സ്വീകരിക്കാനായില്ല. പവിത്രത്തിന്റെ സെറ്റിലെത്തിയപ്പോള്‍ ലാലേട്ടന്‍ ആദ്യം ചോദിച്ചത് കമലദളത്തില്‍ അഭിനയിക്കാത്തതിനെക്കുറിച്ചാണ്.

റിലീസിങ് അടുത്തതിനാല്‍ നഗരത്തില്‍ നിറയെ കമലദളത്തിന്റെ പോസ്റ്ററുകളായിരുന്നു. സംസാരത്തിനിടയില്‍ ലാലേട്ടന്‍ തെറ്റായിട്ടാണ് സിനിമയില്‍ മുദ്രകള്‍ പിടിച്ചിരിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ വരാന്‍ വഴിയില്ലെന്നും എവിടെ നിന്നാണ് അത് ശ്രദ്ധിച്ചതെന്നും ചോദിച്ചു. പോസ്റ്ററില്‍ കണ്ടതാണെന്ന് പറഞ്ഞപ്പോള്‍ എന്നെ കൂട്ടി അദ്ദേഹം കാറില്‍ ആ പോസ്റ്റര്‍ കാണാന്‍ പോയി.

അവിടെ ചെന്നപ്പോഴാണ് ഫോട്ടോ തിരിച്ചുവെച്ചാണ് പോസ്റ്ററടിച്ചിരിക്കുന്നതെന്ന് മനസിലായത്. ഉടന്‍ ലാലേട്ടന്‍ ആ പോസ്റ്റര്‍ മുഴുവന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം കൊടുത്തു. പവിത്രം എന്ന ഐക്കോണിക് സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് ഇന്നും കരുതുന്നത്. പവിത്രത്തിലെ മീനാക്ഷി ഇന്നും എന്റെ കൂടെ നടക്കുകയാണ്,’ വിന്ദുജ പറയുന്നു.

Content Highlight: Vinduja Menon Talks About Kamaladhalam Movie And Mohanlal