| Thursday, 25th April 2024, 8:36 am

വയനാട്ടില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനെത്തിച്ച 1500 കിറ്റുകള്‍ പിടിച്ചു; കെ. സുരേന്ദ്രന് വേണ്ടി തയ്യാറാക്കിയതെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി തയ്യാറാക്കി കൊണ്ടുപോകുകയായിരുന്ന 1500 ഭക്ഷ്യകിറ്റുകള്‍ പിടിച്ചെടുത്തു. കിറ്റുകള്‍ കെ.സുരേന്ദ്രന് വേണ്ടി തയ്യാറാക്കിയതാണെന്ന് എല്‍.ഡി.എഫും യു.ഡി.എഫും ആരോപിക്കുന്നു.

ബത്തേരിയിലെ ഒരു മൊത്തവിതരണ സ്ഥാപനത്തിന്റെ മുന്നില്‍വെച്ചാണ് 1500 കിറ്റുകള്‍ അടങ്ങിയ വാഹനം സുല്‍ത്താന്‍ ബത്തേരി പൊലീസ് പിടികൂടിയത്. കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള പിക്കപ്പ് വാനിലായിരുന്നു കിറ്റുകള്‍. വാഹനത്തില്‍ കയറ്റിയതിന് പുറമെ 5000ലധികം കിറ്റുകള്‍ സ്ഥാപനത്തിനുള്ളില്‍ പാക്ക് ചെയ്ത അവസ്ഥയിലുമുണ്ടായിരുന്നു.

രണ്ടായിരം രൂപ വിലവരുന്ന 10000 കിറ്റുകള്‍ തയ്യാറാക്കാനാണ് സ്ഥാപനത്തിന് ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത്. കിറ്റില്‍ ഭക്ഷ്യധാന്യങ്ങളും എണ്ണയും മുറുക്കാന്‍ ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ചില ആദിവാസി ഊരുകളില്‍ നേരത്തെ തന്നെ കിറ്റുകള്‍ എത്തിച്ചിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് കിറ്റുകള്‍ പിടികൂടിയത്.

ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളാണ് കിറ്റുകള്‍ തയ്യാറാക്കാന്‍ വേണ്ടി ബുക്ക് ചെയ്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദീഖ് പറഞ്ഞു. കിറ്റുകള്‍ തയ്യാറാക്കാനുള്ള ക്രമീകരണങ്ങല്‍ നടത്തിയിട്ടുള്ളതും, അവ ബുക്ക് ചെയ്തിരുന്നക്കതും ബി.ജെ.പി നേതാക്കളാണെന്ന് പരിശോധനയില്‍ വ്യക്തമായതായും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ അറിവോടെയാണ് ഇത് നടന്നിരിക്കുന്നതെന്നും അദ്ദേഹം ഇവിടെ വന്ന് പലചരക്ക് വ്യപാരം കൂടി തുടങ്ങിയിട്ടുണ്ടെന്നും എന്നാല്‍ അത് വയനാട്ടില്‍ നടക്കില്ലെന്നും ടി. സിദ്ദീഖ് പറഞ്ഞു. കിറ്റില്‍ ഹാന്‍സും മദ്യവുമുണ്ടെന്നും ടി.സിദ്ദീഖ് പരിഹസിച്ചു.

ഇപ്പോള്‍ പിടിച്ചെടുത്തതിന് പുറനെ ജില്ലയിലുടനീളം വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ആയിരത്തിലധികം കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. പനമരത്തെ ഒരു സ്ഥാപനത്തില്‍ നിന്നും സമാനമായ രീതിയിലുള്ള കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്ത കോളനികളില്‍ പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

content highlights: 1500 kits to be distributed to voters in Wayanad seized;  Allegedly prepared for K. Surendran

We use cookies to give you the best possible experience. Learn more