| Thursday, 4th July 2019, 2:06 pm

ഒരേ സ്ഥലം, അതേ മുതല... പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം സ്റ്റീവ് ഇര്‍വിന്റെ ചിത്രം പുനരാവിഷ്‌കരിച്ച് മകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു മുതലവേട്ടക്കാരന്‍ എന്നതിനപ്പുറം അതി സാഹസിക കഥകള്‍ക്കുടമയാണ് സ്റ്റീവ് ഇര്‍വിന്‍. ഇന്നും ലോകമെങ്ങുമുണ്ട് അദ്ദേഹത്തിന് ആരാധകര്‍.ഡിസ്‌കവറി ചാനലിലൂടെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു സ്റ്റീവിനെയും അദ്ദേഹത്തിന്റെ മുതലകളെയും. എന്നാല്‍, 2006ല്‍ ചാനല്‍ പരിപാടിക്കിടെ തിരണ്ടി ആക്രമണത്തിനിരയായി അദ്ദേഹം ജീവിതത്തോട് സൈന്‍ ഓഫ് ചെയ്തു.

സ്റ്റീവിന്റെ മരണത്തിന് പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛന്റെ പാതയിലൂടെ നടക്കുകയാണ് മകന്‍ റോബര്‍ട്ട് ക്ലാരന്‍സ് ഇര്‍വിന്‍. പതിനഞ്ചുകാരനായ റോബര്‍ട്ട് അച്ഛന്റെ പാരമ്പര്യത്തിന് ജീവന്‍ നല്‍കിക്കഴിഞ്ഞു.

പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് സ്റ്റീവ് ഇര്‍വിന്‍ മുതലയ്ക്ക് തീറ്റ കൊടുക്കുന്ന ചിത്രം എടുത്തിരുന്നു. അതേസ്ഥലത്തുവച്ച് അതേ മുതലയ്ക്ക് തീറ്റകൊടുത്ത് ചിത്രമെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് റോബര്‍ട്ട്.

‘അച്ഛനും ഞാനും മുറയ്ക്ക് തീറ്റ കൊടുക്കുന്നു. അതേ സ്ഥലം, അതേ മുതല-രണ്ട് ചിത്രങ്ങളും തമ്മില്‍ 15 വര്‍ഷത്തിന്റെ അകലം’, കൂട്ടിയോജിപ്പിച്ച് പോസ്റ്റ് ചെയ്ത ചിത്രത്തിന് റോബര്‍ട്ട് കൊടുത്ത അടിക്കുറിപ്പാണിത്.

ചിത്രത്തില്‍ സ്റ്റീവുമായി വളരെ രൂപ സാദൃശ്യവുമുണ്ട് മകന്‍ റോബര്‍ട്ടിന്. ‘മുറയ്’ എന്നാണ് ഈ മുതലയുടെ വിളിപ്പേര്. ചിത്രത്തില്‍ അച്ഛനും മകനും മുറയ്ക്ക് തീറ്റ ഇട്ടുകൊടുക്കുകയാണ്.

മകന്‍ പുനരാവിഷ്‌കരിച്ച ചിത്രത്തിനടിയില്‍ സ്റ്റീവിന്റെ മരണമുണ്ടാക്കിയ വേദന വ്യക്തമാക്കുകയാണ് സ്റ്റീവ് ആരാധകര്‍. അച്ഛന്റെയും മകന്റെയും രൂപസാദൃശ്യവും മുതലപ്രേമവുമൊക്കെ ആരാധകര്‍ തുറന്നുപറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more