ആഭ്യന്തര യുദ്ധം കഴിഞ്ഞ് 15 വർഷം; ഇന്നും നീതിലഭിക്കാതെ ശ്രീലങ്കൻ തമിഴ് ന്യൂനപക്ഷം
World
ആഭ്യന്തര യുദ്ധം കഴിഞ്ഞ് 15 വർഷം; ഇന്നും നീതിലഭിക്കാതെ ശ്രീലങ്കൻ തമിഴ് ന്യൂനപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th June 2024, 2:19 pm

കൊളംബോ: ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധം കഴിഞ്ഞ് 15 വർഷങ്ങൾക്കിപ്പുറവും നീതി ലഭിക്കാതെ തമിഴ് ന്യൂനപക്ഷം. തമിഴ് ന്യൂനപക്ഷത്തിന് സ്വന്തം രാജ്യം സൃഷ്ടിക്കാനായി പ്രവർത്തിച്ച സംഘടനയായ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴവും സർക്കാരും തമ്മിൽ ശക്തമായ പോരാട്ടം നടന്നിരുന്നു.

ശ്രീലങ്കയിലെ ബുദ്ധ സിംഹളർ ആധിപത്യം പുലർത്തുന്ന സർക്കാരും എൽ.ടി.ടി.ഇ വിഭാഗവും തമ്മിൽ നടന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടത് പതിനായിരക്കണക്കിന്‌ നിരപരാധികളാണ്. കൊലപാതകങ്ങളും ആക്രമണങ്ങളും രാജ്യവ്യാപകമായി നടന്നിരുന്നു. യുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ എൽ.ടി.ടി.ഇ യുടെ ശക്തികേന്ദ്രത്തെ ഇല്ലാതാക്കാൻ സർക്കാർ ബോംബ് ആക്രമണം നടത്തുകയും അത് കുറഞ്ഞത് 40000 ആളുകയുടെ മരണത്തിന് കാരണമാവുകയും ചെയ്തു.

തമിഴ് വിഭാഗത്തിലെ നിരവധിപേർക്കെതിരെ സൈനിക സേന ഷെൽ ആക്രമണം നടത്തി. തീവ്രവാദത്തിനെതിരെ നടത്തിയ ആക്രമണങ്ങളെന്ന് പറഞ്ഞ് സർക്കാർ അതിനെ ന്യായീകരിച്ചു. യുദ്ധം അവസാനിച്ചെങ്കിലും സർക്കാർ സേനക്ക് കീഴടങ്ങാൻ ശ്രമിച്ച നിരവധി വിമതരെ കാണാതായിരുന്നു. അതിൽ ചിലരെങ്കിലും കൊല്ലപ്പെടുകയും ചെയ്തു. ഏകദേശം രണ്ടര ലക്ഷത്തോളം ജനങ്ങളെ എൽ.ടി.ടി.ഇ അംഗങ്ങളെന്ന സംശയത്തിന്റെ പേരിൽ സർക്കാർ പിടിച്ചുകൊണ്ടുപോയിരുന്നു.

ഭരണകൂടത്തോട് ശത്രുത പുലർത്തിയ വിമതരെയും എൽ.ടി.ടി.ഇയുടെ അംഗങ്ങളെയും തെരഞ്ഞ് പിടിച്ച് അറസ്റ്റ് ചെയ്ത സർക്കാർ സാധാരണ ജനങ്ങളെയും കസ്റ്റഡിയിൽ എടുത്തിരുന്നു.

2009 ൽ സർക്കാർ നടത്തിയ സൈനിക ആക്രമണം ശ്രീലങ്കൻ തമിഴ് ന്യൂനപക്ഷങ്ങൾക്ക് സർക്കാരിനോടുള്ള വിശ്വാസം നഷ്ട്ടപ്പെടുത്തുന്നതായിരുന്നു. അതോടൊപ്പം കാണാതായവരുടെ കണക്കെടുക്കാൻ സർക്കാർ വിസമ്മതിച്ചതും അവരെ സർക്കാരിൽ നിന്നകറ്റി. ശ്രീലങ്കയിലെ നീതിന്യായ വ്യവസ്ഥ പുനർനിർമിക്കാൻ തമിഴ് ന്യൂനപക്ഷങ്ങൾ നേരിടുന്ന വംശീയ വിദ്വേഷം ഇല്ലാതാക്കണം.

 

തമിഴ് ന്യൂനപക്ഷത്തിൽ വർധിച്ച് വന്ന അന്യവത്കരണ ബോധത്തെ ഇല്ലാതാക്കാൻ യുദ്ധാനന്തര ശ്രീലങ്ക ശ്രമിച്ചിരുന്നില്ല. നിർബന്ധിത തിരോധാനത്തിന്റെ കണക്കുകൾ പുറത്ത് വിടാത്തതും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. 2016ൽ കേസുകൾ അന്വേഷിക്കുന്നതിനും ദുരിതബാധിതർക്ക് നീതി നൽകാനും ഓൺ മിസ്സിങ് പേഴ്സൺ എന്ന ഓഫീസ് സ്ഥാപിച്ചിരുന്നുവെങ്കിലും പ്രത്യേകിച്ച് നടപടികളൊന്നും ഉണ്ടായില്ല. അതിപ്പോഴും ഇപ്പോഴും പ്രവർത്തനക്ഷമമല്ല.

യുദ്ധാനന്തര പരാതികൾ പരിഹരിക്കുന്നതിനും ഭാവിയിൽ തമിഴ് വംശജരുടെ അനുരഞ്ജനം നടത്തുന്നതിനും സർക്കാരിന് അവരുടെ അന്യവത്ക്കരണ ചിന്തയെ മാറ്റേണ്ടതുണ്ട്.

 

യുദ്ധത്തിന് ശേഷം തമിഴ് ന്യൂനപക്ഷത്തിലെ വലിയയൊരു വിഭാഗം മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയിരുന്നു. ആ വിഭാഗം ഇപ്പോൾ തങ്ങൾക്ക് നഷ്ടപ്പെട്ട ഉറ്റവരെ കണ്ടെത്താൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. അതിനായവർ വിവിധ ഗ്രൂപ്പുകൾ ഉണ്ടാക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ സർക്കാർ ഇതിനെതിരാണ്. സർക്കാർ അവരുടെ ശ്രമങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനാൽ തന്നെ അന്താരഷ്ട്ര തലത്തിൽ തമിഴ് വംശജകർക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്.

ഹ്യുമൻ റൈറ്റ്സ് വാച്ചിലെ ഏഷ്യ ഡയറക്റ്ററും ഇവർക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു. ‘ആഭ്യന്തര യുദ്ധത്തിൽ സൈന്യം നടത്തിയ അതിക്രമങ്ങളെ ശ്രീലങ്കൻ സർക്കാർ നിഷേധിക്കുന്നു, അതിനാൽ സത്യം പുറത്തു കൊണ്ടുവരുന്നതിന് പകരം ഇരകളെയും അവരുടെ സമൂഹത്തെയും നിശ്ശബ്ദരാക്കാൻ സർക്കാർ ശ്രമിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

Content Highlight :15 years after civil war, Sri Lanka’s Tamil minorities still await justice