കോഴിക്കോട്: കോഴിക്കോട് ചികിത്സയിലുള്ള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 15കാരന് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബ് രോഗം സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
കുട്ടിയുടെ നില ഗുരുതരമാണെന്നും നിലവില്‍ വെന്റിലേറ്ററില്‍ തുടരുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ഉടന്‍ മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസലേഷന്‍ മുറികള്‍ സജ്ജമാണെന്നും വീണ ജോര്‍ജ് പറഞ്ഞു. മലപ്പുറം പാണ്ടിക്കാടാണ് രോഗത്തിന്റെ പ്രഭവ കേന്ദ്രം. പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
കുട്ടിയുമായി ഇടപഴകിയ എല്ലാവരെയും നിരീക്ഷണത്തിലാക്കും. ശാസ്ത്രീയമായി രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുമെന്നും കണ്‍ട്രോള്‍ സെല്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടിയുമായി സമ്പര്‍ക്കമുള്ള ഒരാള്‍ പനിക്ക് ചികിത്സ തേടിയെന്നും നിലവില്‍ ഇയാള്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അനാവശ്യമായി ആരും ആശുപത്രികള്‍ സന്ദര്‍ശിക്കരുതെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.
കേരളത്തില്‍ ഇത് അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. ആദ്യം 2018ല്‍ കോഴിക്കോടാണ് നിപ റിപ്പോര്‍ട്ട് ചെയ്തത്.2021ലും 2023ലും രണ്ടുതവണകൂടി കോഴിക്കോട് നിപ സ്ഥിരീകരിച്ചിരുന്നു. 2019ല്‍ എറണാകുളത്തും നിപ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ 20 പേരാണ് നിപ ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്.
Content Highlight: 15-year-old under treatment in Kozhikode has been diagnosed nipah virus