ചികിത്സയിലിരുന്ന പതിനഞ്ചുകാരന്‍ ആംബുലന്‍സുമായി കടന്നു കളഞ്ഞു; പിടികൂടിയത് എട്ട് കി.മീ അകലെ വെച്ച്
Kerala News
ചികിത്സയിലിരുന്ന പതിനഞ്ചുകാരന്‍ ആംബുലന്‍സുമായി കടന്നു കളഞ്ഞു; പിടികൂടിയത് എട്ട് കി.മീ അകലെ വെച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th December 2022, 10:24 am

തൃശ്ശൂര്‍: ജില്ലാ ആശുപത്രിയില്‍ നിന്നും പതിനഞ്ചുകാരന്‍ ആംബുലന്‍സുമായി കടന്നു കളഞ്ഞു. നാല് ദിവസമായി പനി ബാധിച്ച് തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനഞ്ച് വയസ്സുകാരന്‍ ആണ് ആശുപത്രിയിലുണ്ടായിരുന്ന ആംബുലന്‍സ് ഓടിച്ചു പോയത്.

ഒടുവില്‍ ആശുപത്രിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയുള്ള ഒല്ലൂരില്‍ വെച്ചാണ് ഒടുവില്‍ ആംബുലന്‍സ് തടഞ്ഞ് പതിനഞ്ചുകാരനെ ആംബുലന്‍സ് ഡ്രൈവര്‍ പിടികൂടിയത്.

കേരള സര്‍ക്കാരിന്റെ 108 ആംബുലന്‍സാണ് പതിനഞ്ചുകാരന്‍ ആശുപത്രി വളപ്പില്‍ നിന്നും എടുത്ത് ഓടിച്ചുപോയത്. ആംബുലന്‍സ് ഡ്രൈവര്‍ കീ വണ്ടിയില്‍ വെച്ച് ശുചിമുറിയിലേക്ക് പോയ സമയത്താണ് കുട്ടി ആംബുലന്‍സ് എടുത്ത് കടന്നതെന്നാണ് വിവരം.

തുടര്‍ന്ന് ഒല്ലൂര്‍ പിന്നിട്ട് ആനക്കല്‍ ഭാഗത്തേക്ക് തിരിഞ്ഞ ആംബുലന്‍സ് അവിടെ വച്ച് നിന്നുപോവുകയായിരുന്നു. ഇതോടെ വണ്ടി തള്ളാന്‍ പതിനഞ്ചുകാരന്‍ നാട്ടുകാരുടെ സഹായം തേടി. കുട്ടി ആംബുലന്‍സ് ഓടിക്കുന്നത് കണ്ട് നാട്ടുകാര്‍ വണ്ടിക്ക് ചുറ്റും കൂടിയതിന് പിന്നാലെ ആംബുലന്‍സ് ഡ്രൈവര്‍ സംഭവ സ്ഥലത്തേക്ക് എത്തി. പിന്നാലെ കുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍, കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തത്തിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. ബന്ധപ്പെട്ടവരുടെയെല്ലാം വിശദമായ മൊഴിയെടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയച്ചത്.

കുട്ടി ആംബുലന്‍സുമായി നഗരത്തിലേക്ക് കടക്കുമ്പോള്‍ കിസാന്‍ സഭയുടെ സമ്മേളനത്തിന് ഭാഗമായി നിരവധി വണ്ടികളും ആളുകളും വന്നു കൊണ്ടിരിക്കുകയായിരുന്നു. ഭാഗ്യവശാല്‍ ഇവര്‍ക്ക് അപകടമൊന്നുമുണ്ടായില്ല. 30 കിലോമീറ്റര്‍ വേഗതയിലാണ് ആംബുലന്‍സ് പോയതെന്നാണ് വിവരം.

വീട്ടിലെ കാര്‍ മുന്നോട്ടും പിന്നോട്ടും എടുത്തുള്ള പരിചയം മാത്രമാണ് പതിനഞ്ചുകാരനുള്ളതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയുടെ മകന്‍ കൂടിയാണ് പതിനഞ്ചുകാരന്‍.

Content Highlight: 15 year old boy run away with an ambulance from Thrissur District Hospital