ലാഹോര്‍: ലാഹോറിലെ ദാത്ത ദര്‍ബാര്‍ സൂഫി ദര്‍ഗയുടെ പ്രവേശന കവാടത്തില്‍ സുരക്ഷാ സേനയുടെ വാഹനത്തിന് സമീപം ചാവേറാക്രമണം നടത്തിയത് 15 വയസ്സുകാരനാണെന്ന് പാക് പഞ്ചാബ് മുഖ്യമന്ത്രിയുടെ വക്താവ് ഷഹബാസ് ഗില്‍. സമീപത്തുള്ള ഫ്രൂട്ട്‌സ് കടയുടെ അരികില്‍ നിന്നും വന്ന് പൊലീസ് വാനിന് സമീപത്ത് വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഷഹബാസ് ഗില്‍ പറഞ്ഞു.
സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളും കുട്ടിയുടെ ചിത്രവും പാക് മാധ്യമമായ ജിയോ ന്യൂസ് പുറത്തു വിട്ടിട്ടുണ്ട്. ഏഴ് കിലോ വരുന്ന സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അഞ്ച് പൊലീസുകാരടക്കം 10 പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദര്‍ഗയിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്ന ഭാഗത്താണ് സ്‌ഫോടനമുണ്ടായത്.
സൂഫി വര്യനായിരുന്ന സയിദ് അലി ബിന്‍ ഉസ്മാന്‍ അല്‍ ഹജ്‌വരിയുടെ ഖബര്‍ നിലനില്‍ക്കുന്ന ദര്‍ഗ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ദര്‍ഗകളിലൊന്നാണ്. 2010ല്‍ ഇതേ ദര്‍ഗയില്‍ ഉണ്ടായ ചാവേറാക്രമണത്തില്‍ നാല്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് കനത്ത സുരക്ഷ പരിശോധനകള്‍ക്ക് ശേഷമാണ് ആളുകളെ ദര്‍ഗയിലേക്ക് പ്രവേശിപ്പിച്ചിരുന്നത്.