| Thursday, 15th April 2021, 10:55 am

ഒരു പ്രശ്‌നത്തിനും പോകാത്തയാളാണ് അഭിമന്യു; കുടുംബത്തോടെ കമ്യൂണിസ്റ്റുകാരാണ്: കൊലപ്പെട്ട അഭിമന്യുവിന്റെ അച്ഛന്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: വള്ളിക്കുന്ന് ചാരുംമൂടില്‍ പതിനഞ്ചു വയസുകാരനായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അച്ഛന്‍ അമ്പിളി കുമാര്‍. കുടുംബം മുഴുവന്‍ കമ്യൂണിസ്റ്റ് ചായ്‌വുള്ളവരാണെന്നും എന്നാല്‍ അഭിമന്യു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്നും അമ്പിളി കുമാര്‍ പറഞ്ഞു. ഒരിക്കലും വഴക്കിനോ മറ്റു പ്രശ്‌നങ്ങള്‍ക്കോ പോകാത്തയാളാണ് മകനെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു പ്രശ്‌നത്തിനും പോകാത്ത ആളാണ് അഭിമന്യു. ഒരു വഴക്കും ഉണ്ടാക്കാറില്ല. പരീക്ഷയെഴുതാന്‍ ഇരുന്നതാണ്. അവന്റെ ചേട്ടന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ചെറിയ കശപിശയുണ്ടാകുമെന്നല്ലാതെ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. അയാള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്.

ഈ കുടുംബം മുഴുവന്‍ കമ്യൂണിസ്റ്റുകാരാണ്. അതിന്റെ ഒരു ചായ്‌വ് അഭിമന്യുവിനുമുണ്ട്. പക്ഷെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊന്നും പോകാറില്ല,’ അമ്പിളി കുമാര്‍ പറഞ്ഞു.

വിഷുവിന് പടയണിവെട്ടം ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തിനിടെയാണ് കഴിഞ്ഞ ദിവസം അഭിമന്യു കൊല്ലപ്പെട്ടത്. രാത്രി പത്ത് മണിയോട് കൂടിയായിരുന്നു ആക്രമണം നടന്നത്. മറ്റ് രണ്ട് പേര്‍ക്ക് കൂടി വെട്ടേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മുന്‍പ് നടന്ന ഒരു സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. നാളുകളായി പ്രദേശത്ത് സി.പി.ഐ.എം – ആര്‍.എസ്.എസ് സംഘര്‍ഷം നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകളുണ്ട്.

വള്ളിക്കുന്നം അമൃത പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു അഭിമന്യു. പുത്തന്‍ചന്തകുറ്റിയില്‍ അമ്പിളികുമാറിന്റെ മകനാണ്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സജയ്ദത്തിന്റെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍.എസ്.എസിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സി.പി.ഐ.എമ്മും രംഗത്തെത്തിയിട്ടുണ്ട്. ആര്‍.എസ്.എസ് നരനായാട്ട് അവസാനിപ്പിക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

പതിനഞ്ചു വയസ് മാത്രം പ്രായമുള്ള അഭിമന്യുവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജ്യേഷ്ഠന്‍ അനന്തുവിനെ ലക്ഷ്യം വെച്ച് വന്ന പരിശീലനം ലഭിച്ച ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം, ജ്യേഷ്ഠനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയതെന്ന് എസ്.എഫ്.ഐ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: 15 year old Abhimanyu’s murder, father Ambili Kumar talks about his son

We use cookies to give you the best possible experience. Learn more