| Wednesday, 14th October 2015, 9:00 am

കോമഡി ഷോയെ അനുകരിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് വ്യാജ ബോംബ് ഫോണ്‍ സന്ദേശം: 15 കാരന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആലുവ സ്‌റ്റേഷനില്‍ ബോംബുണ്ടെന്ന വ്യാജ ഫോണ്‍ സന്ദേശത്തിന്റെ പേരില്‍ 15 കാരനെ അറസ്റ്റുചെയ്തു. ടെലിവിഷന്‍ കോമഡി പരിപാടിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഏറണാകുളം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ആലുവ സ്‌റ്റേഷനില്‍ ബോംബ് വെച്ചിട്ടുണ്ടെന്നു പറയുകയായിരുന്നു ഈ കുട്ടി.

“തിങ്കളാഴ്ച രാത്രി 11.45ന് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ സന്ദേശമെത്തി. ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡിനൊപ്പം സ്‌പെഷല്‍ പോലീസ് ആലുവ റെയില്‍വേ സ്‌റ്റേഷനിലെത്തി. സ്‌റ്റേഷനിലും കടന്നുപോകുന്ന ട്രെയിനിലും വിശദമായ പരിശോധന നടത്തുകയും ചെയ്തു. മൂന്നുമണിക്കൂര്‍ തിരച്ചില്‍ നടത്തിയിട്ടും ഒന്നും കിട്ടാതായതോടെ ഫോണ്‍ കോള്‍ വ്യാജമാണെന്ന് ഉറപ്പിച്ചു.” ആലുവ എസ്.ഐ പി.എ ഫൈസല്‍ പറഞ്ഞു.

ഭീഷണിയെ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കിയത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. കൂടാതെ ട്രെയിനുകള്‍ വൈകാനും ഇടയാക്കി. ഇതേത്തുടര്‍ന്ന് ഫോണ്‍ സന്ദേശമയച്ചത് ആരാണെന്നു കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. ഒരു സ്ത്രീയുടെ പേരിലാണ് മൊബൈല്‍ നമ്പര്‍ എന്നു കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ പത്താംക്ലാസുകാരനാണ് ഫോണ്‍ വിളിച്ചതെന്നു കണ്ടെത്തിയത്. ഈ കുട്ടിയെ അറസ്റ്റു ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.

ടി.വി കോമഡി ഷോയെ അനുകരിച്ചാണ് താന്‍ ഇങ്ങനെ ചെയ്തതെന്നാണ് ചോദ്യം ചെയ്യലില്‍ കുട്ടി പറഞ്ഞത്. ഐ.പി.സി 507 പ്രകാരവും കേരള പോലീസ് ആക്ടിലെ 118 പ്രകാരവും കുട്ടിയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more