ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ മക്കള്‍ രാഷ്ട്രീയ പാരമ്പര്യത്തെ എപ്പോഴും വിമര്‍ശിച്ചിരുന്ന നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭയില്‍ മക്കള്‍ രാഷ്ട്രീയത്തിലൂടെ വന്നവരുടെ നീണ്ട നിര. മക്കളും, മരുമക്കളും, പേരക്കുട്ടികളുമായി 15 പേരാണ് പുതിയ മന്ത്രി സഭയില്‍ മക്കള്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി വന്നവരുള്ളത്.
മുന്‍ പ്രധാനമന്ത്രിമാരുടെ മക്കള്‍ മുതല്‍ മുന്‍ കേന്ദ്രമന്ത്രിമാരുടെയും സംസ്ഥാന മന്ത്രിമാരുടെയുമൊക്കെ മക്കളും പേരക്കുട്ടികളുമൊക്കെ ഈ പട്ടികയിലുണ്ട്. ഇതില്‍ ബി.ജെ.പി നേതാക്കളുടെ മക്കളും പേരക്കുട്ടികളും മാത്രമല്ല മുന്‍ കോണ്‍ഗ്രസ് നേതാക്കളുടെയും കുടുംബത്തില്‍ നിന്നുള്ളവരുമുണ്ട്.
മുന്‍പ്രധാനമന്ത്രി ചരണ്‍സിങ്ങിന്റെ പേരമകനും മുന്‍കേന്ദ്രമന്ത്രി അജിത് സിങ്ങിന്റെ മകനുമായ ജയന്ത് ചൗധരി, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകന്‍ എച്ച്.ഡി. കുമാരസ്വാമി, ജനസംഘം നേതാവായിരുന്ന വിജയരാജ സിന്ധ്യയുടെ പേരമകനും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകന്‍ ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് മൂന്നാം എന്‍.ഡി.എ സര്‍ക്കാറിന്റെ മന്ത്രിസഭയില്‍ മക്കള്‍ രാഷ്ട്രീയത്തിലൂടെ വന്ന പ്രമുഖര്‍.
ഇവരെകൂടാതെ മുന്‍കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന്റെ മകന്‍ രാംനാഥ് താക്കൂര്‍, ഹരിയാന മുന്‍ മുഖ്യമന്ത്രി റാവു ബിരേന്ദ്ര സിങ്ങിന്റെ മകന്‍ ഇന്ദ്രജിത് സിങ്, ടി.ഡി.പി നേതാവും ദേവഗൗഡ-ഗുജ്‌റാള്‍ മന്ത്രിസഭകളില്‍ അംഗമായിരുന്ന കെ. യേരന്‍ നായിഡുവിന്റെ മകന്‍ കെ. റാം മോഹന്‍ നായിഡു എന്നിവരും പുതിയ മന്ത്രിസഭയില്‍ കുടുംബരാഷ്ട്രീയത്തിലൂടെ വന്നവരാണ്.
വാജ്‌പേയ് മന്ത്രിസഭയിലെ അംഗമായിരുന്ന വേദ്പ്രകാശ് ഗോയലിന്റെ മകനായ പിയൂഷ് ഗോയലും ഈ മന്ത്രി സഭയിലുണ്ട്. പിയൂഷ് ഗോയലിന്റെ അമ്മ ചന്ദ്രകാന്ത ഗോയലും മഹാരാഷ്ട്രയിലെ എം.എല്‍.എയായിരുന്നു. വാജ്‌പേയ് മന്ത്രി സഭയിലെ മറ്റൊരു അംഗമായിരുന്ന ദേബേന്ദ്രപ്രധാനിന്റെ മകന്‍ ധര്‍മേന്ദ്ര പ്രധാനും ഈ മന്ത്രിസഭയിലുണ്ട്.
ബിജെ.പി നേതാക്കളുടെ മക്കള്‍ക്ക് പുറമെ കോണ്‍ഗ്രസ് അഖിലേന്ത്യ ഉപാധ്യക്ഷനായിരുന്ന ജിതേന്ദ്രപ്രസാദയുടെ മകന്‍ ജിതിന്‍ പ്രസാദ, ബി.എസ്.പി സ്ഥാപകാംഗവും അപ്‌നാദള്‍ പാര്‍ട്ടി സ്ഥാപകനുമായ സോനാലാല്‍ പട്ടേലിന്റെയും അപ്‌നാദളിന്റെ മുന്‍ അധ്യക്ഷ കൃഷ്ണ പട്ടേലിന്റെ മകള്‍ അനുപ്രിയ പട്ടേല്‍, മഹാരാഷ്ട്രയിലെ മുതിര്‍ന്ന എന്‍.സി.പി നേതാവായിരുന്ന ഏക്‌നാഥ് ഖദ്‌സെയുടെ മകന്റെ പങ്കാളി രക്ഷ ഖദ്‌സെ തുടങ്ങിയവരും പുതിയ മന്ത്രി സഭയില്‍ ഇടംപിടിച്ച കുടുംബരാഷ്ട്രീയത്തിന്റെ പാരമ്പര്യമുള്ളവരാണ്.
ഇവര്‍ക്ക് പുറമെ ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവും മുന്‍ ലോക്‌സഭ അംഗവുമായിരുന്നു ഓംപ്രകാശ് പാസ്വാന്റെ മകന്‍ കമലേഷ് പാസ്വാന്‍, ബംഗാളിലെ മുന്‍മന്ത്രി മഞ്ജുള്‍ കൃഷ്ണ ഠാക്കൂറിന്റെ മകന്‍ ശാന്തനു ഠാക്കൂര്‍, അരുണാചല്‍ പ്രദേശ് നിയമസഭയിലെ ആദ്യ പ്രോംടേം സ്പീക്കറായിരുന്ന റിഞ്ചിന്‍ ഖാറുവിന്റെ മകന്‍ കിരണ്‍ റിജിജുവും ഈ മന്ത്രിസഭയില്‍ മക്കള്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി വന്നവരാണ്.
content highlights: 15 people in Modi’s cabinet who criticized the legacy politics of the Congress came through legacy politics