| Sunday, 11th February 2018, 4:10 pm

'നടപടികള്‍ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്'; നോട്ടുനിരോധനത്തിന് ശേഷം 15 മാസങ്ങള്‍ പിന്നിട്ടിട്ടും കണക്കുകള്‍ കാണിക്കാനാകാതെ റിസര്‍വ്വ് ബാങ്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ ഒറ്റരാത്രികൊണ്ടു നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്ക് ശേഷം 15 മാസങ്ങള്‍ കഴിഞ്ഞിട്ടും കണക്കുകള്‍ പുറത്തുവിടാന്‍ കഴിയാതെ റിസര്‍വ്വ് ബാങ്ക്. കണക്കുകളിലെ കൃത്യത ഉറപ്പുവരുത്താനും വിവരങ്ങള്‍ കുറ്റമറ്റതാക്കാനുമുള്ള നടപടികള്‍ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു. അടിയന്തിര പ്രാധാന്യത്തോടെ ഇത് പൂര്‍ത്തിയാക്കുമെന്നും ബാങ്ക് വ്യക്തമാക്കി.

ഈ പ്രക്രിയകള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ ലേഖകന്‍ നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടിയായി റിസര്‍വ്വ് ബാങ്ക് പറഞ്ഞു. 2017 ജൂണ്‍ 30 വരെ തിരിച്ചെത്തിയത് ഏകദേശം 15.28 ലക്ഷം കോടി നോട്ടുകളാണെന്നും ഇതില്‍ മാറ്റം വരാമെന്നും തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണം എത്രയാണെന്ന ചോദ്യത്തിന് മറുപടിയായി റിസര്‍വ്വ് ബാങ്ക് പറഞ്ഞു.


Also Read: ‘ഹിറ്റ്‌ലര്‍ ഇന്ത്യന്‍ പുരാണങ്ങള്‍ വായിച്ചിരുന്നു, വിമാനം നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ വൈമാനിക ശാസ്ത്രത്തില്‍ ഉണ്ടായിരുന്നു’; രാജസ്ഥാനിലെ വിദ്യാഭ്യാസ വകുപ്പിന്റെ പുസ്തകം വിവാദത്തില്‍


തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണിത്തീരുന്ന അവസാന തിയ്യതി എന്നാണെന്നും വിവരാവകാശപ്രകാരം ചോദിച്ചിരുന്നു. നോട്ടുകളിന്മേലുള്ള നടപടികള്‍ അടിയന്തിര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കി വരികയാണെന്നാണ് ഇതിന് മറുപടി ലഭിച്ചത്.

തിരിച്ചെത്തിയ നോട്ടുകള്‍ പരിശോധിക്കാനുള്ള 59 യന്ത്രങ്ങളാണ് (സി.വി.പി.എസ്)നിലവില്‍ റിസര്‍വ്വ് ബാങ്കില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും റിസര്‍വ്വ് ബാങ്ക് പറഞ്ഞെങ്കിലും ഈ യന്ത്രങ്ങള്‍ എവിടെയെല്ലാമാണെന്ന് പറയാന്‍ ബാങ്ക് തയ്യാറായില്ല. ഇതു കൂടാതെ മറ്റ് വാണിജ്യ ബാങ്കുകളുടെ 8 സി.വി.പി.എസ് യന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും കൂടുതലായി 7 സി.വി.പി.എസ് യന്ത്രങ്ങള്‍ വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും വിവരാവകാശ രേഖയില്‍ റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.


Don”t Miss: ബി.ജെ.പി നേതാക്കളാല്‍ അപമാനിക്കപ്പെട്ട രേണുക ചൗധരിയെ രക്ഷിക്കാനെത്തുന്ന ശ്രീകൃഷ്ണനായി രാഹുല്‍ ഗാന്ധി; പാഞ്ചാലി വസ്ത്രാക്ഷേപത്തിന്റെ പുതിയ രൂപം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്


രാജ്യമൊട്ടാകെയുള്ള ജനങ്ങളെ ദുരിതത്തിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞവര്‍ഷം നവംബര്‍ 8-ന് രാത്രിയാണ് നിലവിലുണ്ടായിരുന്ന ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. കള്ളപ്പണം തടയാനാണെന്ന് പറഞ്ഞാണ് നോട്ടുകള്‍ നിരോധിച്ചതെങ്കിലും ഈ ലക്ഷ്യം നടപ്പിലായില്ല. തുടര്‍ന്നാണ് ഡിജിറ്റല്‍ മണി പോലുള്ള ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ് നോട്ടുകള്‍ നിരോധിച്ചതെന്നു പറഞ്ഞ് ബി.ജെ.പി നേതാക്കള്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more