മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ കൂട്ടത്തോടെ വേദിവിട്ട് പ്രവര്‍ത്തകര്‍; വീഡിയോ
നാഷിക്: മഹാരാഷ്ട്രയിലെ പിംപല്‍ഗോണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇറങ്ങിപ്പോയി.
15 മിനുട്ട് നേരം മോദിയുടെ പ്രസംഗം നീണ്ടപ്പോഴായിരുന്നു സംഭവം. മോദി പ്രസംഗിച്ചുകൊണ്ടിരിക്ക തന്നെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സദസില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. ഇതിന്റെ വീഡിയോയും വൈറലായിട്ടുണ്ട്. മഹാരാഷ്ട്രയിലെ ദിന്‍ദോരിയിലും മോദി നടത്തിയ റാലിക്ക് ജനപങ്കാളിത്തം കുറവായിരുന്നു.
ബാലാകോട്ട് ആക്രമണവും സര്‍ജിക്കല്‍ സ്‌ട്രൈക്കും കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള മോദിയുടെ പ്രസംഗം പുരോഗമിക്കവേയായിരുന്നു പ്രവര്‍ത്തര്‍ കൂട്ടത്തോടെ സദവ് വിട്ടത്.
മോദി പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രവര്‍ത്തകര്‍ സദസ് വിടുന്നതിന്റെ വീഡിയോ നിരവധി പേരാണ് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുന്നത്. പ്രസംഗം മടുത്ത് ഇറങ്ങിപ്പോകുന്നവരായിരിക്കാമെന്ന് പറഞ്ഞും ചിലര്‍ പരിഹസിക്കുന്നുണ്ട്.
ആണവായുധം പ്രയോഗിക്കുമെന്ന് പാകിസ്ഥാന്‍ ഭീഷണിപ്പെടുത്താറുണ്ടെന്നും ഇന്ത്യ, ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് ദീപാവലി ആഘോഷിക്കാന്‍ അല്ലെന്നും കഴിഞ്ഞ ദിവസം മോദി പൊതുസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
വിരമിച്ച സൈനികര്‍ കൂടുതലായും പങ്കെടുത്ത റാലിയില്‍ ആയിരുന്നു മോദിയുടെ പരാമര്‍ശം. പാക് പ്രകോപനങ്ങള്‍ കേട്ട് ഭയക്കുന്ന നയം ഇന്ത്യ ഉപേക്ഷിച്ചെന്നും മോദി പറഞ്ഞിരുന്നു.
പാകിസ്ഥാന്റെ അഹംഭാവത്തിന് മറുപടി കൊടുത്തത് മോദി സര്‍ക്കാര്‍ ആണെന്നായിരുന്നു പ്രസംഗത്തിലുടനീളം മോദി ആവര്‍ത്തിച്ചത്.
പ്രസംഗത്തില്‍ കോണ്‍ഗ്രസിനെയും നരേന്ദ്ര മോദി വിമര്‍ശിച്ചു. ദേശീയതയെയും ഭീകരവാദത്തെയും കുറിച്ച് പറയരുതെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. നമ്മുടെ മക്കള്‍ ത്രിവര്‍ണപതാകയില്‍ പുതച്ച് തിരികെ എത്തുന്നതാണ് കാഴ്ച്ച. അപ്പോള്‍ ഞാന്‍ ധീരതയെക്കുറിച്ച് പറയണ്ടേയെന്നായിരുന്നു മോദിയുട ചോദ്യം.