| Friday, 5th December 2014, 9:34 am

ക്യാമ്പില്‍ തിമിരശസ്ത്രക്രിയയ്ക്ക് വിധേയരായ 15 പേര്‍ക്ക് കാഴ്ച നഷ്ടമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃതസര്‍: നേത്ര പരിശോധന ക്യാമ്പില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ 15 പേര്‍ക്ക് കാഴ്ച നഷ്ടമായതായി റിപ്പോര്‍ട്ട്. കഴിഞ്ഞമാസം പഞ്ചാബിലെ ഗുര്‍ദാസ്പൂരിലെ ഗുമാന്‍ ഗ്രാമത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്കാണ് കാഴ്ച ശക്തി നഷ്ടമായത്.

ക്യാമ്പിലെത്തിയ 62 പേരാണ് തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായത്. കാഴ്ച നഷ്ടപ്പെട്ട 15 പേരും അമൃതസര്‍ ജില്ലയിലെ ഗോഗോ മഹല്‍ ഗ്രാമത്തിലുള്ളവരാണ്. ഗുര്‍ദാസ്പൂരില്‍ നിന്നുള്ളവരായിരുന്നു ബാക്കിയിലുള്ളവര്‍. ഇവര്‍ക്കും കാഴ്ച ശക്തി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്ന് ഗുര്‍ദാസ്പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അഭിനവ് ത്രിക്ഷ പറഞ്ഞു.

ഗ്രാമവാസികള്‍ക്ക് കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടതായി അമൃതസര്‍ സിവില്‍ സര്‍ജന്‍ ഡോ. രാജീവ് ബെല്ല സ്ഥിരീകരിച്ചു. ഇവരെ അമൃതസറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നവംബര്‍ 5-16 വരെയാണ് നേത്രരോഗ നിര്‍ണയ ക്യാമ്പ് നടന്നത്. ഗുരു നാനാക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന എന്‍.ജി.ഒയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

അമൃതസറിലെ കാഴ്ച നഷ്ടപ്പെട്ടവര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രവി ഭഗതിന് ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യം വെളിവായത്. എന്‍.ജി.ഒയ്ക്കും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ കണ്ടെത്താനുള്ള അന്വേഷണത്തിന് ഭഗത് ഉത്തരവിട്ടിട്ടുണ്ട്. ഇവര്‍ക്കും എന്‍.ജി.ഒയ്ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കാനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, ശസ്ത്രക്രിയ നടത്തിയത് വൃത്തിഹീനമായ ചുറ്റുപാടിലാണെന്ന് ഡോ. ബെല്ല ചൂണ്ടിക്കാട്ടി. ജില്ലാ ഭരണകൂടത്തില്‍ നിന്നും ഗുര്‍ദാസ്പൂര്‍ സിവില്‍ സര്‍ജന്‍മാരില്‍ നിന്നും ക്യാമ്പ് നടത്താനുള്ള അനുമതി എന്‍.ജി.ഒ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

We use cookies to give you the best possible experience. Learn more