| Friday, 6th September 2024, 9:24 am

പി. ശശി നിയന്ത്രിച്ച പൊലീസ് കാരണം പാർട്ടിയുടെ 15 ലക്ഷം വോട്ട് യു.ഡി.എഫിന് കിട്ടി; വീണ്ടും അൻവർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും സി.പി.ഐ.എം എം.എല്‍.എ പി.വി. അന്‍വര്‍. പാര്‍ട്ടിയെ പ്രസന്ധിയിലേക്ക് തള്ളിവിട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തവും പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. പ്രതിസന്ധികളുടെ കുന്തമുന മുഖ്യമന്ത്രി പിണറായി വിജയന്റെ നെഞ്ചിലേക്ക് തിരിക്കാന്‍ ശ്രമിക്കേണ്ടെന്നും പി.വി. അന്‍വര്‍ പ്രതികരിച്ചതായി റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്ന സുജിത് ദാസ് ഐ.പി.എസിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എം.എല്‍.എ പ്രതികരണവുമായി രംഗത്തെത്തിയത്.

പാര്‍ട്ടിയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികളില്‍ ഏരിയ സെക്രട്ടറിമാര്‍ക്ക് പോലും ഇടപെടാന്‍ കഴിയാത്ത അവസ്ഥ പൊളിറ്റിക്കല്‍ സെക്രട്ടറി ഉണ്ടാക്കിയെന്നും പി.വി. അന്‍വര്‍ പറഞ്ഞു. പൊലീസിന്റെ നടപടികള്‍ മൂലം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു പഞ്ചായത്തില്‍ നിന്ന് പാര്‍ട്ടിക്ക് 1000 വോട്ട് വീതം നഷ്ടപ്പെട്ടിട്ടുണ്ടെന്നും പി.വി. അന്‍വര്‍ ചൂണ്ടിക്കാട്ടി.

പാര്‍ട്ടിയുടെ ഈ 15 ലക്ഷത്തോളം വരുന്ന വോട്ട് പി. ശശി യു.ഡി.എഫിന് മറിച്ച് നല്‍കിയെന്നും പി.വി. അന്‍വര്‍ പറയുന്നു. പൊതുവായ വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയാത്ത വിധത്തില്‍ പൊലീസ് ബാരിക്കേഡുണ്ടാക്കിയെന്നും എം.എല്‍.എ പറഞ്ഞു.

പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേകം മാഫിയകള്‍ രൂപപ്പെടുന്നുവെന്നും സമ്പന്നര്‍ കയറി ഇറങ്ങുന്ന സ്ഥലങ്ങളാണ് സ്റ്റേഷനുകളെന്നും പി.വി. അന്‍വര്‍ കൂട്ടിച്ചര്‍ത്തു. ഇതിനെല്ലാം ഉത്തരവാദി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘മുഖ്യമന്ത്രിയിലും പാര്‍ട്ടിയിലും പ്രതീക്ഷയുണ്ട്. പാര്‍ട്ടിയുടെ ഒരു ആയുധമാണ് ഞാന്‍. സഖാക്കള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരേണ്ടതുണ്ട്. പാര്‍ട്ടിയുടെ അന്തസും തിരിച്ചുവരണം. പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ പാര്‍ട്ടിയെ നവീകരിക്കേണ്ട ഉത്തരവാദിത്തം ഇല്ലെന്ന് ആരും പറയരുത്. പാര്‍ട്ടിക്ക് വേണ്ടി ജീവിക്കുന്ന ഒരാളാണ് ഞാന്‍,’ എന്നും പി.വി. അന്‍വര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

അതേസമയം പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്ന സുജിത് ദാസിനെ സര്‍വീസില്‍ നിന്ന് ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

തുടര്‍ന്ന് ആരോപണങ്ങളില്‍ ഒന്നും നടക്കില്ലെന്ന് പറഞ്ഞ ആളുകളുടെ മുന്നിലേക്കാണ് സസ്പെന്‍ഷന്‍ ഉത്തരവ് വന്നിരിക്കുന്നതെന്നും പി.വി. അന്‍വര്‍ പറയുകയുണ്ടായി. മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടുവെന്നും അടുത്ത ഊഴം ആരുടേതാണെന്ന് നോക്കാമെന്നും പി.വി. അന്‍വര്‍ പ്രതികരിച്ചു.

മലപ്പുറം എസ്.പിയായിരിക്കെ ഔദ്യോഗിക വസതിയില്‍ നിന്ന് മരം മുറിച്ചുകടത്തിയെന്ന ആരോപണമാണ് സുജിത് ദാസ് നേരിടുന്നത്. ഈ കേസ് സംബന്ധിച്ചുള്ള ഫോണ്‍ കോള്‍ പി.വി. അന്‍വര്‍ പുറത്തുവിടുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് ഡി.ഐ.ജി അജിതാ ബീഗം അന്വേഷണം നടത്തി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മരം മുറിച്ച് കടത്തിയെന്ന ആരോപണത്തില്‍ മാത്രമായിരുന്നില്ല പിന്നാലെ കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണം പൊട്ടിക്കല്‍, താനൂരിലെ കസ്റ്റഡി മരണ കേസ് തുടങ്ങിയവയിലും സുജിത്ത് ദാസിന്റെ പേര് വന്നിരുന്നു.

Content Highlight: 15 lakh votes of the party P.Shashi bought to UDF: PV Anvar

We use cookies to give you the best possible experience. Learn more