ബെംഗളൂരു: കര്‍ണാടകയിലെ പുതുക്കിയ വോട്ടര്‍ പട്ടികയില്‍ 15 ലക്ഷം മുസ്‌ലീം വോട്ടര്‍മാരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് ദല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ജസ്റ്റിസ് സച്ചാര്‍ സമിതിയിലെ അംഗവുമായ ഡോ. അബുസാലഫ് ഷെറീഫിന്റെ നേതൃത്വത്തില്‍ സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ആന്‍ഡ് ഡിബേറ്റ്‌സ് ഇന്‍ ഡവലപ്‌മെന്റ് പോളിസി (സി.ആര്‍.ഡി.ഡി.പി) മുസ്‌ലീങ്ങളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ കാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്.
കര്‍ണാടകയിലെ 16 മണ്ഡലങ്ങളിലായി വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത 1.28 ലക്ഷം മുസ്ലീങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, കണക്കുകളനുസരിച്ച് കര്‍ണാടകയിലെ 224 മണ്ഡലങ്ങളിലായി വോട്ടര്‍ പട്ടികയിലില്ലാത്ത 15 ലക്ഷം മുസ്‌ലീങ്ങളുണ്ടെന്നും സി.ആര്‍.ഡി.ഡി.പിയുടെ റിസര്‍ച്ച് അസോസിയേറ്റ് ഖാലിദ് സൈഫുല്ലഹ് പറഞ്ഞു.
2011 ലെ സെന്‍സസ് കണക്കുകള്‍ 2018 ഫെബ്രുവരി 28ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്താണ് ഈ കണക്കുകളില്‍ എത്തിച്ചേര്‍ന്നതെന്ന് സൈഫുല്ലഹ് പറഞ്ഞു. “2011ലെ സെന്‍സസ് അനുസരിച്ച് 18,453 മുസ്‌ലീം കുടുംബങ്ങള്‍ ശിവാജി നഗര്‍ നിയോജകമണ്ഡലത്തിലുണ്ട്. എന്നാല്‍, 8,900ഓളം കുടുംബങ്ങളിലും വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരാള്‍ മാത്രമാണുള്ളത്. അവിടത്തെ മൊത്തം മുസ്ലീം കുടുംബത്തിന്റെയും 40 ശതമാനമാണ് ഇത്”, സൈഫുല്ലഹ് വ്യക്തമാക്കി. “വോളണ്ടിയര്‍മാരുടെ സഹായത്തോടെ, എല്ലാ വീടുകളിലും ഒന്നില്‍ കൂടുതല്‍ വോട്ടര്‍മാരെ ഉറപ്പാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇത് അവരുടെ മൗലികാവകാശമാണ്, “അദ്ദേഹം പറഞ്ഞു.
“തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞാല്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനാകില്ലെന്നാണ് ആളുകള്‍ കരുതുന്നത്, അത് തെറ്റാണ്. നാമനിര്‍ദേശ പത്രികയുടെ അവസാന തീയതി വരെ സമയം അനുവദിച്ചിട്ടുണ്ട്”, സൈഫുല്ലഹ് പറഞ്ഞു. ആളുകളെ ബോധവത്കരിക്കാനായി രൂപീകരിച്ച മിസ്സിങ്മുസ്‌ലീംവേട്ടേഴ്‌സ് എന്ന വെബ് സൈറ്റു വഴിയോ മുസ്‌ലീം വോട്ടേര്‍സ് എന്ന ആപ്ലിക്കേഷന്‍ വഴിയോ രെജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുസ്‌ലീങ്ങളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനുള്ള ഈ ഉദ്യമത്തില്‍ സേവനത്തിനുള്ള അവസരം നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“ക്രമക്കേടു കാട്ടുന്നതില്‍ അറിയപ്പെടുന്ന ബി.ജെ.പി എന്ന ശത്രുവിനെ നേരിടുമ്പോള്‍ ജാഗ്രത പാലിക്കണം. അടുത്തിടെ നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും പല മണ്ഡലങ്ങളിലേയും അനേകം ആളുകളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഇല്ലായിരുന്നു, ഇവരില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസിനെ പിന്തുണക്കുന്ന മുസ്ലീങ്ങളോ ദലിതുകളോ ആണ്. ബി.ജെ.പി.യാണ് ഇതിനു പിന്നിലെന്ന് ഞങ്ങള്‍ക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്”, കര്‍ണാടക (ബെലാഗാവി ഡിവിഷന്‍) ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മാണിക് ടാഗോര്‍ പ്രതികരിച്ചു.
Also Read: