ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലുണ്ടായ പേമാരിയിലും മഴക്കെടുതികളിലുമായി 15 മരണം റിപ്പോര്‍ട്ട് ചെയ്തു. മിന്നല്‍ പ്രളയമുണ്ടായ ഹിമാചല്‍ പ്രദേശിലെ മഴക്കെടുതികളില്‍ ഇതിനോടകം ഒമ്പത് പേര്‍ മരിച്ചതായാണ് വിവരം. മരണസംഖ്യ ഇതിലും ഉയരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹിമാചല്‍ പ്രദേശില്‍ ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും അതിതീവ്ര മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 228 മില്ലിമീറ്റര്‍ മഴയാണ് ഹിമാചല്‍ പ്രദേശില്‍ പെയ്തത്.
ഇത് സംസ്ഥാനത്തെ സര്‍വകാല റെക്കോഡാണെന്നാണ് വിവരം. സംസ്ഥാനത്ത് 250ലേറെ റോഡുകളും മിന്നല്‍ പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസം പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിലും വരും മണിക്കൂറുകളില്‍ അതിതീവ്രമഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. നിരവധി പാലങ്ങളും വാഹനങ്ങളും ഒഴുകിപ്പോയിട്ടുണ്ട്.
ജമ്മു കശ്മീരില്‍ രണ്ട് സൈനികരും മിന്നല്‍പ്രളയത്തില്‍ പെട്ട് മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ഇന്ന് വൈകീട്ടോടെ കണ്ടെടുത്തു.
കനത്ത മഴ തുടരുന്ന ദല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ദല്‍ഹിയില്‍ നാളെയും മറ്റന്നാളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.