| Thursday, 4th August 2022, 7:33 pm

15 താരങ്ങള്‍ക്ക് നാല് കോടി വീതം; പലതും മുന്നില്‍ കണ്ടാണ് ഇവന്‍മാര്‍ ഓസീസ് താരങ്ങളെ മറുകണ്ടം ചാടിക്കുന്നത്; ലക്ഷ്യം ചില്ലറയല്ല

സ്പോര്‍ട്സ് ഡെസ്‌ക്

യു.എ.ഇ ടി-20 ലീഗില്‍ നിന്നും വമ്പന്‍ ഭീഷണി നേരിട്ട് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയുടെ സ്വന്തം ഫ്രാഞ്ചൈസി ലീഗായ ബിഗ് ബാഷ് ലീഗിന് (ബി.ബി.എല്‍) വട്ടം വെച്ചാണ് യു.എ.ഇ ടി-20 ലീഗ് രംഗത്തെത്തിയിരിക്കുന്നത്.

ബി.ബി.എല്ലില്‍ കളിക്കുന്നതിന് പകരം തങ്ങളുടെ ഫ്രാഞ്ചൈസി ലീഗില്‍ കളിക്കുന്നതിന് വേണ്ടി 15 ഓസീസ് താരങ്ങള്‍ക്ക് നാല് കോടി രൂപ വീതമാണ് (വരെയാണ്) യു.എ.ഇ ടി-20 ലീഗ് ഓഫര്‍ ചെയ്തിരിക്കുന്നതെന്നാണ് ദി ഏജ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ മാത്രമാണ് യു.എ.ഇ ടി-20യില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ ഈ ലിസ്റ്റ് നീളാനാണ് സാധ്യത കല്‍പിക്കുന്നത്.

ബി.ബി.എല്ലിന്റെയും യു.എ.ഇ ടി-20 ലീഗിന്റെയും ഷെഡ്യൂളുകള്‍ ക്ലാഷാവാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ഓസീസ് താരങ്ങളെ ബി.ബി.എല്ലിന്റെ ‘പുതിയ ശത്രു’ കാശെറിഞ്ഞ് വിലയ്‌ക്കെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബി.ബി.എല്ലിന് മാത്രമല്ല, ബംഗ്ലാദേശിന്റെ ഫ്രാഞ്ചൈസി ലീഗായ ബി.പി.എല്ലിനും ഷെഡ്യൂളിന്റെ കാര്യത്തില്‍ പണികിട്ടാന്‍ സാധ്യതയുണ്ട്.

ബി.ബി.എല്‍ ഓഫര്‍ ചെയ്യുന്ന പണത്തേക്കാള്‍ എത്രയോ അധികമാണ് യു.എ.ഇ ടി-20 ലീഗ് താരങ്ങള്‍ക്ക് പ്രതിഫലമായി നല്‍കുന്നത്.

ഇത് വല്ലാത്തൊരു പ്രതിസന്ധിയിലേക്കാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. യു.എ.ഇ ടി-20 ലീഗിന് പകരം ബി.ബി.എല്ലില്‍ കളിക്കണമെന്ന് താരങ്ങളെ ബോധ്യപ്പെടുത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് നന്നേ പാടുപെടേണ്ടി വരും.

സൂപ്പര്‍ താരം ക്രിസ് ലിന്നും യു.എ.ഇയില്‍ കളിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ താരം നിലവില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സുമായി ചര്‍ച്ചയിലാണ്.

വാര്‍ണറിനെ ബി.ബി.എല്ലില്‍ തന്നെ നിര്‍ത്താനുള്ളശ്രമവും ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തുന്നുണ്ട്. താരത്തിന് കൂടുതല്‍ പണം ഓഫര്‍ ചെയ്യാനാണ് സി.എയുടെ തീരുമാനം. എന്നാല്‍ ഈ തീരുമാനം മറ്റ് താരങ്ങള്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കുന്നുണ്ട്.

Content highlight:  15 Australian players offered 4 crore each to abandon the Big Bash League and play in UAE T20 League

We use cookies to give you the best possible experience. Learn more