വാഷിങ്ടണ്‍: ഗസയില്‍ ഏകദേശം 15,000 ഗര്‍ഭിണികള്‍ പട്ടിണിയുടെ വക്കിലെന്ന് റിപ്പോര്‍ട്ട്. യു.എന്‍ പോപ്പുലേഷന്‍ ഫണ്ടാണ് ഫലസ്തീനിലെ ഗര്‍ഭിണികളായ സ്ത്രീകള്‍ പട്ടിണിയുടെ വക്കിലെത്താന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചത്.
യു.എന്‍.എഫ്.പി.എ റിപ്പോര്‍ട്ട് അനുസരിച്ച് ഗസയില്‍ 50,000 ഗര്‍ഭിണികളുണ്ട്. ഇതില്‍ 4,000 സ്ത്രീകളുടെ പ്രസവം ഈ മാസം അവസാനത്തോടെ നടക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ അനുമാനം. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഗസയിലെ ഗര്‍ഭിണികള്‍ പട്ടിണിയുടെ വക്കിലെത്തുന്നുവെന്ന് യു.എസ് ഏജന്‍സി അറിയിച്ചത്.
ഗസയിലെ ആര്‍ത്തവമുള്ള സ്ത്രീകളും ദുരിതമനുഭവിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
വൃത്തിഹീനമായ വെള്ളം പ്രാഥമിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുക, ഭക്ഷണത്തിലെ പോഷകക്കുറവ്, ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത കുറവ്, നാപ്കിന്‍, അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത ഇല്ലായ്മ എന്നിവ സ്ത്രീകളുടെ ആരോഗ്യനില വഷളാകുന്നതിന് കാരണമാകുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഹ്യൂമന്‍ റൈറ്റ് വാച്ച് അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു.
2023 ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധം 79 ശതമാനവും ബാധിച്ചത് ഗസയിലെ കുട്ടികളെയും സ്ത്രീകളെയുമാണ്. ഇതില്‍ ഗര്‍ഭിണികളായ സ്ത്രീകൾ മാനസികാരോഗ്യ വെല്ലുവിളി നേരിടുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ കുഞ്ഞുങ്ങള്‍, പങ്കാളികള്‍, വീട്, ബന്ധുക്കള്‍, രക്ഷിതാക്കള്‍ തുടങ്ങിയ നഷ്ടങ്ങള്‍ നേരിട്ട യുവതികള്‍ മാനസികമായി വെല്ലുവിളി നേരിടുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
യുദ്ധം തുടങ്ങിയതിന് ശേഷം ഗസയിലെ 45,000 സ്ത്രീകളുടെ പ്രസവം സുരക്ഷിതമായി നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് യു.എന്‍.എഫ്.പി.എ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം ലെബനനില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണം രാജ്യത്തെ സ്ത്രീകളെയും കുട്ടികളെയും സാരമായി ബാധിച്ചുവെന്ന് യു.എന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലെബനനിലെ 1500 ഓളം യുവതികള്‍ നേരിട്ടും അല്ലാതെയുംആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇതിനുപുറമെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന ലെബനന്‍ സ്ത്രീകള്‍ ലൈംഗികമായി ചൂഷണം നേരിടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ആശങ്ക അറിയിച്ചിരുന്നു.
സ്ത്രീകള്‍ക്ക് പുറമെ ലെബനനിലെ ഭിന്നശേഷിക്കാരും ഇസ്രഈലിന്റെ ആക്രമണത്തില്‍ വ്യാപകമായി ഇരകളായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ബധിതരായ വ്യക്തികള്‍ക്ക് ഉള്‍പ്പെടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ആഗോള തലത്തില്‍ നിന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ 426 ദശലക്ഷം ഡോളര്‍ ആവശ്യപ്പെടുകയുമുണ്ടായി.
ഗസയില്‍ നിന്ന് ലെബനനിലേക്ക് ഇസ്രഈല്‍ വ്യാപിപ്പിച്ച ആക്രമണത്തില്‍ 3,823 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 14,344 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധം ആരംഭിച്ച് ഏതാനും ആഴ്ചകള്‍ക്കിടയില്‍ 300,000 കുട്ടികളാണ് ലെബനനില്‍ നിന്ന് സിറിയയിലേക്ക് പലായനം ചെയ്തത്.
അതേസമയം യു.എസ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രഈലും ലെബനനും അംഗീകരിച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇസ്രഈലും ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് ഇസ്രഈല്‍ കാബിനറ്റ് അംഗീകാരം നല്‍കുകയായിരുന്നു.
Content Highlight: 15,000 pregnant women in Gaza reportedly on the brink of starvation